ജെംഷഡ്പൂര്‍: പതിവ് പ്രതിരോധം വിട്ട് ആക്രമിച്ച് കളിച്ച ജെംഷഡ്പൂര്‍ എഫ്സിക്ക് മുന്നില്‍ തോല്‍വി വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് കോപ്പലാശാന്‍റെ ജെംഷഡ്പൂരിനോട് പരാജയമേറ്റുവാങ്ങിയത്. ആദ്യ പകുതിയില്‍ ഐഎസ്എല്‍ ചരിത്രത്തിലെ വേഗമേറിയ ഗോളടക്കം രണ്ട് ഗോള്‍ ജെംഷഡ്പൂര്‍ നേടിയപ്പോള്‍ ഇഞ്ചുറി ടൈമിലായിരുന്നു മഞ്ഞപ്പടയുടെ മറുപടി ഗോള്‍. മധ്യനിരയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത മെമോ ആണ് കളിയിലെ താരം.

കേരള ബ്ലാസ്റ്റേഴ്സിനെ നന്നായി അറിയുന്ന കോപ്പലാശാന്‍ കളിയുടെ ആദ്യ സെക്കന്‍റ് മുതല്‍ അടവ് മാറ്റുകയായിരുന്നു. കിക്കോഫ് കഴിഞ്ഞ് 23-ാം സെക്കന്‍റില്‍ ജെംഷഡ്പൂരിനായി ജെറി മാമിംഗ്താങ്ക ഐഎസ്എല്ലിലെ വേഗമേറിയ ഗോള്‍ നേടി മഞ്ഞപ്പടയെ ഞെട്ടിച്ചു. മെമോയുടെ ഷോട്ട് ജിംങ്കാന്‍റെ കാലില്‍ തട്ടി വഴിമാറിയെത്തിയത് ജെറി ഗോളാക്കിയപ്പോള്‍ അത് ഐഎസ്എല്‍ ചരിത്രമാവുകയായിരുന്നു. 

20-ാം മിനുറ്റില്‍ കോര്‍ണറില്‍ നിന്നുള്ള ഗോളെന്നുറച്ച ഹ്യൂമിന്‍റെ ഹെഡര്‍ ജംഷഡ്പൂര്‍ ഗോളി രാജു ഗോള്‍ലൈന്‍ സേവിലൂടെ തട്ടിയകറ്റി.32-ാം മിനുറ്റില്‍ ജൈറുവിന്‍റെ പാസില്‍ നിന്ന് സീനിയര്‍ താരം അഷീം ബിശ്വാസ് ജെംഷഡ്പൂരിനായി രണ്ടാം ഗോള്‍ സ്വന്തമാക്കിയോടെ ആദ്യ പകുതി ജെംഷഡ്പൂരിന്‍റേതായി. രണ്ടാം ഗോളും സന്ദേശ് ജിംങ്കാന്‍റെ പ്രതിരോധത്തിലെ പിഴവില്‍ നിന്നാണുണ്ടായത്. 

മഞ്ഞപ്പടയുടെ ഉഗാണ്ടന്‍ യുവതാരം കിസിറ്റോയ്ക്ക് ഷോള്‍ഡറിന് പരിക്കേറ്റത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി.ഇയാന്‍ ഹ്യൂമിന് പകരമെത്തിയ മാര്‍ക് സിഫ്നോസ് 92ാം മിനുറ്റില്‍ കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഗോള്‍ മടക്കി. സീസണില്‍ സിഫ്നിയോസിന്‍റെ നാലാമത്തെ ഗോളാണിത്. ഇതോടെ സീസണിലെ ആദ്യ എവേ വിജയം സ്വന്തമാക്കാന്‍ സ്റ്റീവ് കോപ്പല്‍ പരിശീലിപ്പിക്കുന്ന ജെംഷഡ്പൂരിനായി. തുടര്‍ച്ചയായ മൂന്നാം എവേ വിജയമെന്ന ബ്ലാസ്റ്റഴ്സ് സ്വപ്നം ജെംഷഡ്പൂരില്‍ പൊലിയുകയും ചെയ്തു.

ഡേവിഡ് ജെയിംസ് പരിശീലകനായി സ്ഥാനമേറ്റ ശേഷം ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ പരാജയമാണിത്. ആദ്യ മത്സരത്തില്‍ പുനെയോട് സമനില വഴങ്ങിയപ്പോള്‍ ഡല്‍ഹിയെയും മുംബൈയെയും വീഴ്ത്തി മഞ്ഞപ്പട രണ്ട് എവേ വിജയങ്ങള്‍ സ്വന്തമാക്കിയിരുന്നു. മൂന്നാം സ്ഥാനത്തെത്താമെന്ന പ്രതീക്ഷ തകര്‍ന്ന ബ്ലാസ്റ്റേഴ്സ് തോറ്റെങ്കിലും ആറാം സ്ഥാനം നിലനിര്‍ത്തി.