കൊച്ചി: ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്സ് ആരാധകക്കൂട്ടമായ മഞ്ഞപ്പടയും ബെംഗളുരു ആരാധകരുടെ വെസ്റ്റ് ബ്ലോക്കും അത്ര രസത്തിലല്ല. ബ്ലാസ്റ്റേഴ്സ് ലീഗില്‍ കൂടുതല്‍ ആരാധകരുള്ള ക്ലബാണെങ്കില്‍ ഇന്ത്യയിലെ ആദ്യ പ്രഫഷണല്‍ ക്ലബ് എന്ന പെരുമയുമായാണ് ബെംഗളൂരു എത്തുന്നത്. അതിനാല്‍ ഞാറാഴ്ച്ച കൊച്ചിയില്‍ നടക്കുന്ന പോരാട്ടം ലീഗിലെ ഗ്ലാമര്‍ പോരാട്ടം എന്നാണ് അറിയപ്പെടുന്നത്.
സ്വന്തം തട്ടകത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെ തോല്‍പിക്കുമെന്നാണ് വെസ്റ്റ് ബ്ലോക്കിന്‍റെ വീരവാദം. എന്നാല്‍ അതിനോട് ബ്ലാസ്റ്റേഴ്സും മഞ്ഞപ്പട ആരാധകര്‍ പ്രതികരിച്ചതാവട്ടെ വളരെ സൗമ്യമായും. മത്സരം കാണാന്‍ കൊച്ചിയിലെത്തുന്ന ബെംഗളുരു ആരാധകര്‍ക്ക് വേണ്ടി എവേ സ്റ്റാന്‍റ് ഒരുക്കി ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ്. ഗ്ലാമര്‍ പോരാട്ടം വീക്ഷിക്കാന്‍ നിരവധി ആരാധകര്‍ കൊച്ചിയിലെത്തുന്നുണ്ട്.
നോര്‍ത്ത് ഈസ്റ്റ് ആരാധികയെ വംശീയമായി ചെന്നൈയിന്‍ ആരാധകര്‍ അപമാനിച്ചത് ഐഎസ്എല്ലില്‍ വിവാദമായിരുന്നു. ചെന്നൈയിന്‍ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തിനിടെ ബെംഗളുരു ആരാധകനെ പൊലിസ് മര്‍ദ്ദിച്ചതും വാര്‍ത്തയായിരുന്നു. അതിനാല്‍ കൊച്ചിയിലെത്തുന്ന കാണികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് മാനേജ്മെന്‍റിന്‍റെ നടപടി.
