കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന്‍റെ 12-ാം താരമാണ് ആരാധകര്‍. ഹോം മാച്ചുകളിലും എവേ മാച്ചുകളിലും ടീമിന് ശക്തിപകരുന്നത് ഗ്യാലറിയില്‍ ആര്‍ത്തിരമ്പുന്ന മഞ്ഞപ്പടയാണ്. ബ്ലാസ്റ്റേഴ്സിന്‍റെ ഔദ്യോഗിക ആരാധക കൂട്ടമായ മഞ്ഞപ്പട ഫാന്‍സാണ് ലോകത്തെ മികച്ച ഫാന്‍ ക്ലബുകളിലൊന്ന്. സീസണിലെ ആദ്യ ജയം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ നേടാനായത് മഞ്ഞപ്പട ആരാധകരെ ചെറുതായൊന്നുമല്ല ആവേശത്തിലാക്കിയത്.
വിജയാഹ്ലാദത്താല്‍ സ്റ്റേഡിയത്തില്‍ ആര്‍ത്തിരമ്പിയ ആരാധകരോട് ഒരു നിമിഷം നിശബ്ദകരാകാന്‍ നായകന്‍ സന്തോഷ് ജിങ്കന്‍ ആവശ്യപ്പെട്ടു. പിന്നീട് കണ്ടത് ലോകത്തെ ശബ്ദമുഖരിതമായ സ്റ്റേഡിയങ്ങളിലൊന്നായ കൊച്ചിയില്‍ ആവേശക്കൊടി വീശുന്ന കാണികളാണ്. ജിങ്കന്‍റെ നേതൃത്വത്തില്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ കാണിച്ചുകൊടുത്തത് ഏറ്റെടുത്ത് കാണികള്‍ കയ്യടിച്ച് വിജയം ആഘോഷിച്ചു.ഇത് കണ്ട് അമ്പരന്നവരില്‍ ടീമുടമ സച്ചിന്‍ ടെന്‍ഡുള്‍ക്കര്‍ പോലുമുണ്ടായിരുന്നു.
