ജെംഷഡ്പൂര്‍: ഐഎസ്എല്‍ മൂന്നാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനെ ഫൈനലിലെത്തിച്ച പരിശീലകനാണ് സ്റ്റീവ് കോപ്പല്‍ എന്ന കോപ്പലാശാന്‍. എന്നാല്‍ നാലാം സീസണില്‍ ബ്ലാസ്റ്റേഴ്സ് വിട്ട് അരങ്ങേറ്റ ക്ലബായ ജെംഷഡ്പൂര്‍ എഫ്സിയിലേക്ക് കോപ്പല്‍ ചേക്കേറി‍. കോപ്പലാശാന്‍ ഉപേക്ഷിച്ച് പോയതിന്‍റെ കലിപ്പ് മഞ്ഞപ്പട ആരാധകര്‍ക്ക് ഇതുവരെ മാറിയിട്ടില്ല. അതുകൊണ്ട് തന്നെ ജെംഷഡ്പൂര്‍ എഫ്സിക്കെതിരായ പോരാട്ടം കോപ്പലാശാനുമായുള്ള നേര്‍ക്കുനേര്‍ അങ്കമാണ് മഞ്ഞപ്പട ആരാധകര്‍ക്ക്.

കേരള ബ്ലാസ്റ്റേഴ്സിന് ജെംഷഡ്പൂര്‍ എഫ്സിക്കെതിരായ എവേ മത്സരം ഇന്ന് നടക്കുമ്പോള്‍ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ നയം വ്യക്തമാക്കിയിരിക്കുന്നു. ബ്ലാസ്റ്റേഴ്സിന്‍റെ ഔദ്യോഗിക ഫാന്‍സ് കൂട്ടമായ മഞ്ഞപ്പട കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇതിന് കാരണം. 'ഇന്നാശാന്‍റെ നെഞ്ചത്താണ് മത്സരം' എന്ന തലക്കെട്ടോടെയാണ് മഞ്ഞപ്പട ആരാധകര്‍ പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്. 

സീസണിലെ അതിശക്തമായ പ്രതിരോധനിരയുമായാണ് കോപ്പലാശാന്‍റെ ജെഷംഡ്പൂര്‍ കളിക്കിറങ്ങുന്നത്. എന്നാല്‍ കോപ്പലാശാന്‍റെ കോട്ട പൊളിച്ച് മൂന്നാം എവേ വിജയം സ്വന്തമാക്കുകയാണ് ബ്ലാസ്റ്റേഴ്സിന്‍റെ ലക്ഷ്യം. ജെഷംഡ്പൂര്‍ പ്രതിരോധനിരയില്‍ മലയാളിതാരം അനസ് എടത്തൊടിക ഇന്ന് കളിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ബ്ലാസ്റ്റേഴ്സ് ആരാധകരും കോപ്പലാശാനും തമ്മില്‍ നടക്കുന്ന പോരാട്ടത്തിനിടയില്‍ അനസിന് കയ്യടിക്കാന്‍ മഞ്ഞപ്പട ആരാധകര്‍ മറക്കില്ലെന്നുറപ്പ്.