ജെംഷഡ്പൂര്‍: കേരള ബ്ലാസ്റ്റേഴ്സിനെ ഇതിഹാസ ക്ലബെന്ന് വിശേഷിപ്പിച്ച് ഉഗാണ്ടന്‍ സ്‌ട്രൈക്കര്‍ കെസിറോണ്‍ കിസിറ്റോ. കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കാനായത് വലിയ അംഗീകാരമെന്നും ഇതിഹാസ താരങ്ങളും ആരാധകരുമടങ്ങിയ ഇതിഹാസ ക്ലബാണ് മഞ്ഞപ്പടയെന്നും കിസിറ്റോ പറയുന്നു. 20കാരനായ ഡ്യൂഡിനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് സമൂഹമാധ്യമങ്ങളില്‍ പുറത്തുവിട്ട ദൃശ്യത്തിലാണ് കിസിറ്റോയുടെ വെളിപ്പെടുത്തല്‍.

കൃത്യമായ പാസിംഗും ഡ്രിബ്ലിംഗ് പാടവവുമാണ് തന്‍റെ കരുത്ത്. പുനെ എഫ്സിക്കെതിരെ സമനിലയും ആരാധകരുടെ കയ്യടിയും നേടി അരങ്ങേറ്റം ഗംഭീരമാക്കാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്. ആര്‍ത്തിരമ്പുന്ന മഞ്ഞപ്പട ആരാധകര്‍ അരങ്ങേറ്റ മത്സരത്തില്‍ തന്നെ അത്ഭുതപ്പെടുത്തി. മഞ്ഞ ജഴ്സിയില്‍ ഇന്ത്യയിലെ ഡോട്മുണ്ട് ആരാധകരാണ് കൊച്ചിയില്‍ ആര്‍ത്തിരമ്പുന്നതെന്നാണ് കരുതിയതെന്നും ഡ്യൂഡ് വെളിപ്പെടുത്തി.

10-ാം വയസില്‍ ഫുട്ബോള്‍ കളിച്ച് തുടങ്ങിയ താരമാണ് കിസിറ്റോ. ഉഗാണ്ടന്‍ പ്രദേശിക ടീമായ വൈപ്പേര്‍സിനായി കളിച്ച് കരിയറാരംഭിച്ച കിസിറ്റോ കെനിയയിലെ എഫ്സി ലോപ്പാര്‍ഡ്സില്‍ നിന്നാണ് മഞ്ഞക്കുപ്പായത്തിലെത്തിയത്. അരങ്ങേറ്റ മത്സരത്തില്‍ നിര്‍ണായക ഗോളിന് വഴിവെച്ച് ഡ്യൂഡ് ടീമിനായി നിര്‍ണായകമായ ഒരു പോയിന്‍റ് നേടി നല്‍കി. ഫുട്ബോള്‍ എന്നാല്‍ തനിക്ക് ജീവിതമാണെന്നും കെസിറോണ്‍ കിസിറ്റോ പറഞ്ഞു.

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന്‍റെ മിന്നുംതാരമായി കഴിഞ്ഞു ഉഗാണ്ടര്‍ സ്‌ട്രൈക്കര്‍ കെസിറോണ്‍ കിസിറ്റോ. പുനെ എഫ്സിക്കെതിരെ അതിവേഗ കളി പുറത്തെടുത്തതോടെ ആരാധകര്‍ കിസിറ്റോയ്ക്ക് ഡ്യൂഡ് എന്ന് പേരിട്ടിരുന്നു. ഡ്യൂയ് കളത്തിലിറങ്ങിയതോടെ പുനെയ്ക്കെതിരെ ബ്ലാസ്റ്റേഴ്സ് കളിമാറ്റുകയായിരുന്നു. സീസണില്‍ ബ്ലാസ്റ്റേഴ്സ് നിരയില്‍ എട്ടാം വിദേശതാരമായാണ് കിസിറ്റോ എത്തിയത്.