കൊച്ചി: റെനെ മ്യൂലസ്റ്റീന്‍ അപ്രതീക്ഷിതമായി രാജിവെച്ചതോടെയാണ് ഡേവിഡ് ജെയിംസ് ഇക്കുറി കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനമേറ്റെടുത്തത്. ആദ്യ മത്സരത്തില്‍ തന്നെ ടീമിന് സമനില നേടിക്കൊടുത്ത് ഡേവിഡ് ജെയിംസ് വരവിന്‍റെ ഉദേശ്യം വ്യക്തമാക്കി. ആരാധകരുടെ പ്രിയ ഡേവിഡേട്ടന്‍ വന്നതോടെയാണ് സീസണില്‍ മഞ്ഞപ്പട വിജയക്കൊടി പാറിക്കാന്‍ തുടങ്ങിയത്.

എന്നാല്‍ ഒരു മത്സരം മാത്രം അവശേഷിക്കേ സീസണില്‍ പ്ലേ ഓഫ് സാധ്യത ഉറപ്പിക്കാനാകാതെ കിതയ്ക്കുകയാണ് ബ്ലാസ്റ്റേഴ്സ്. ആദ്യ മത്സരങ്ങളില്‍ അനാവശ്യ തോല്‍വികളും സമനിലകളും വഴങ്ങിയത് കേരളത്തിന് തിരിച്ചടിയായി. ബെംഗലുരുവിനെതിരായ അടുത്ത മത്സരത്തില്‍ ജയിച്ചാലും ഗോവ, ജെംഷഡ്പൂര്‍ ടീമുകളുടെ ജയപരാജയങ്ങള്‍ക്ക് അനുസരിച്ചായിരിക്കും ബ്ലാസ്റ്റേഴ്സിന്‍റെ പ്ലേ ഓഫ് സാധ്യത. 

കേരളം പ്ലേ ഓഫില്‍ കടന്നാലും ഇല്ലെങ്കിലും ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്ത പുറത്തുവിട്ടിരിക്കുകയാണ് പരിശീലകന്‍ ഡേവിഡ് ജെയിംസ്. അടുത്ത തവണ പരിശീലക സ്ഥാനമേറ്റെടുക്കാന്‍ ആഗ്രഹിക്കുന്നതായി മുന്‍ ഇംഗ്ലണ്ട് ഗോള്‍ കീപ്പര്‍ വ്യക്തമാക്കി. 2014ലെ ആദ്യ ഐഎസ്എല്‍ സീസണില്‍ കേരള ബ്ലാസറ്റേഴ്സിനെ ഫൈനലിലെത്തിച്ച മാര്‍ക്വി താരവും പരിശീലകനുമാണ് ഡേവിഡ്.