കൊച്ചി: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ്- മുംബൈ സിറ്റി മത്സരം അല്‍പസമയത്തിനകം. സൂപ്പര്‍താരം ഹ്യൂമേട്ടനില്ലാതെയാണ് ആദ്യ ജയത്തിനായി ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. മഞ്ഞപ്പടയുടെ സീസണിലെ ആദ്യ ഗോള്‍ കാണാനാവുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഗോളടിക്കുക എന്നതുതന്നെയാണ് പ്രധാനം എന്ന് പരിശീലകന്‍ റെനി മ്യുളെന്‍സ്റ്റീൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

അവസരങ്ങൾ ഗോളാക്കിമാറ്റി വിജയിക്കാനാണ് ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത്.ടീമംഗങ്ങള്‍ക്ക് ഊർജം നല്‍കാനും ആരാധകരില്‍ ആവേശം നിറയ്ക്കാനും ഗോള്‍ അത്യാവശ്യമാണെന്ന് ബ്ലാസ്റ്റേഴ്സ് തിരിച്ചറിയുന്നു. ഇയാന്‍ ഹ്യൂമിന്‍റെ അഭാവത്തില്‍ മഞ്ഞപ്പടയുടെ രഹസ്യ ആയുധമായ വെസ് ബ്രൗൺ കളിക്കുമോയെന്ന് ആരാധകര്‍ ഉറ്റുനോക്കുന്നുണ്ട്. 

ആദ്യ രണ്ട് മാച്ചുകളിൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാനായില്ലെങ്കിലും മുംബൈയ്ക്കെതിരെ കളിമാറുമെന്നാണ് കോച്ച് റെനി മ്യുളെന്‍സ്റ്റീൻ പറയുന്നത്. ജാഷംഡ്പൂർ എഫ്.സിയുമായുള്ള രണ്ടാം മാച്ചിൽ കൂടുതല്‍ സമയം പന്ത് കൈവശം വയ്ക്കാനായത് ടീമംഗങ്ങളില്‍ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. അതേസമയം അവസാന രണ്ടുമല്‍സരങ്ങളിലും തോറ്റ മുംബൈയെ അപേക്ഷിച്ച് ഗോള്‍ വഴങ്ങാത്ത ബ്ലാസ്റ്റേഴ്സിനുതന്നെയാണ് മുന്‍തൂക്കം.