കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു എഫ്‌സി പോരാട്ടം ആദ്യ പകുതിയില്‍ ഗോള്‍രഹിതം. കൊച്ചിയില്‍ ബ്ലാസ്റ്റേഴ്സിന്‍റെ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ബെംഗളുരു എഫ്‌സിയാണ് ആദ്യ പകുതിയില്‍ മികച്ചുനിന്നത്. മലയാളി താരം സി.കെ വിനീത്, സൂപ്പര്‍ താരം ദിമിത്താര്‍ ബെര്‍ബറ്റോവ്, ഗോള്‍ കീപ്പര്‍ പോള്‍ റഹൂബ്ക എന്നിവര്‍ ആദ്യ ഇലവനില്‍ കളിക്കുന്നില്ല. ബ്ലാസ്റ്റേഴ്സ് ആരാധകരുടെ സൂപ്പര്‍ താരം ഹ്യൂമേട്ടന് പരിക്കേറ്റത് ആരാധകരെ ഒരുവേള നിശംബ്ധരാക്കി. എന്നാല്‍ തലയ്ക്ക് ബാന്‍ഡേജുമായി മൈതാനത്ത് ഹ്യൂമേട്ടന്‍ തിരിച്ചെത്തിയത് കയ്യടികളോടെ മഞ്ഞപ്പട ആരാധകര്‍ വരവേറ്റു.
പോള്‍ റഹൂബ്കക്കു പകരം ഗോള്‍വലയ്ക്ക് കീഴിലെത്തിയ സുബാഷിഷ് റോയിയുടെ മിന്നും സേവുകളാണ് ബ്ലാസ്റ്റേഴ്സിനെ ആദ്യ പകുതിയില്‍ കാത്തത്. തുടരെ തുടരെയുള്ള സന്ദര്‍ശകരുടെ ആക്രമണം സുബാഷിഷ് റോയ് അനായാസം തടഞ്ഞിട്ടു. ബെംഗളുരു എഫ്‌സി മുന്നേറ്റനിര മികച്ച ആക്രമണം പുറത്തെടുത്തപ്പോള്‍ ബ്ലാസ്റ്റേഴ്‌സ് നിറംമങ്ങി. ആദ്യ ഇലവനില്‍ സി.കെ വിനീത് കളിക്കാതിരുന്നതിന്‍റെ ക്ഷീണം മഞ്ഞപ്പടയില്‍ കാണാനായി. ആറ് കളിയില്‍ ഒരു ജയവും നാല് സമനിലയുമായി ലീഗില്‍ എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ഏഴ് കളിയില്‍ നാല് ജയവും മൂന്ന് തോല്‍വിയുമായി 12 പോയിന്‍റുള്ള ബി.എഫ്.സി ലീഗില്‍ നാലാം സ്ഥാനത്താണ്.
