ചെന്നൈ: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് രണ്ടാം എവേ മത്സരം. കരുത്തരായ ചെന്നൈയിന്‍ എഫ്സിയാണ് എതിരാളി. രാത്രി എട്ടിന് ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം. നോര്‍ത്ത് ഈസ്റ്റിനെതിരെ സീസണിലെ ആദ്യ ജയം സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ്. പരുക്കില്‍ നിന്ന് മോചിതനാവാത്ത ദിമിത്താര്‍ ബെര്‍ബറ്റോവ് ഇന്നും കളിക്കില്ല. താളം കണ്ടെത്തിയ മുന്നേറ്റനിരയും മധ്യനിരയും ഗോളവസരങ്ങള്‍ പ്രയോജനപ്പെടുത്തിയാല്‍ മഞ്ഞപ്പടക്ക് വിജയിക്കാം.

ബ്ലാസ്റ്റേഴ്സ് ആദ്യ എവേ മത്സരത്തില്‍ ഗോവയോട് വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ബെംഗളൂരുവിനെ അവരുടെ ഗ്രൗണ്ടില്‍ തോല്‍പിച്ചാണ് ചെന്നൈന്‍ ബ്ലേസ്റ്റേഴ്സിനെ നേരിടാന്‍ ഇറങ്ങുന്നത്. ബ്ലാസ്റ്റേഴ്സ് താരങ്ങളെ അപേക്ഷിച്ച് ശാരീരിക ക്ഷമതയില്‍ ചെന്നൈയിനാണ് മുന്നില്‍. ആറ് കളിയില്‍ നാലും ജയിച്ച ചെന്നൈയിന്‍ 12 പോയിന്‍റുമായി ലീഗില്‍ മൂന്നാം സ്ഥാനത്തും അഞ്ച് കളിയില്‍ ഒരു ജയവും മൂന്ന് സമനിലയുമായി 6 പോയിന്‍റുള്ള ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്തുമാണ്.