ദില്ലി: തണുത്തുറഞ്ഞ ദില്ലിയിലെ ചൂടന്‍ പോരാട്ടത്തില്‍ ആദ്യ പകുതിയില്‍ ഇരുടീമും ഒപ്പത്തിനൊപ്പം. ആദ്യ പകുതി പൂര്‍ത്തിയായപ്പോള്‍ ടീമുകള്‍ ഓരോ ഗോള്‍ അടിച്ച് സമനിലയിലാണ്. ആദ്യ ഇലവനില്‍ ഇയാന്‍ ഹ്യൂമിനെ കളിപ്പിച്ച ഡേവിഡ് ജെയിംസിന്‍റെ തീരുമാനം ശരിവെക്കും രീതിയിലായിരുന്നു കളിയുടെ തുടക്കം. മത്സരം തുടങ്ങി 12-ാം മിനുറ്റില്‍ ഡൈനമോസിനെ അവരുടെ തട്ടകത്തില്‍ ഞെട്ടിച്ച് ഹ്യൂമേട്ടന്‍ ആദ്യ ഗോള്‍ നേടി.
23-ാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്സിന്‍റെ കറേജ് പെക്കൂസണ്‍ നടത്തിയ അതിവേഗ മുന്നേറ്റം ഗോളായി പരിണമിച്ചില്ല. 29-ാം മിനുറ്റില്‍ ഡല്‍ഹിയുടെ മുന്നേറ്റം കേരള ഗോള്‍കീപ്പര്‍ സുഭാശിഷ് റോയിക്കു മുന്നില്‍ അസ്തമിച്ചു. 35-ാം മിനുറ്റില്‍ നന്ദകുമാര്‍ ശേഖര്‍ നല്‍കിയ മനോഹരമായ പാസ് റോമിയ പാഴാക്കുകയും ചെയ്തതോടെ സമനില ഗോള്‍ കണ്ടെത്താന്‍ ഡല്‍ഹി ഡൈനമോസിന് 44-ാം മിനുറ്റുവരെ കാത്തിരിക്കേണ്ടിവന്നു.
ഫ്രീകിക്കില്‍ നിന്ന് ഇന്ത്യന്‍ ഇന്‍റര്‍നാഷണല്‍ പ്രീതം കോട്ടാലാണ് ഡൈനാമോസിനായി ലക്ഷ്യം കണ്ടത്. അധിക സമത്ത് ഡല്‍ഹി ഗോള്‍ കീപ്പര്‍ സാബിയറിന് പരിക്കേറ്റ് പുറത്തുപോകേണ്ടി വന്നു. എന്നാല്‍ ആദ്യ പകുതിയില്‍ കൂടുതല്‍ ആക്രമിച്ച് കളിച്ചത് ഡല്‍ഹി ഡൈനമോസാണ്. 60 ശതമാനത്തിലധികം പന്ത് ഡല്‍ഹി കൈവശം വെച്ചപ്പോള്‍, ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിലെ സമാന ഫോമിലാണ് ആദ്യ പകുതി പൂര്‍ത്തിയാക്കിയത്.
