കൊച്ചി: ഐഎസ്എല്ലില്‍ ഏഴാം ഹോം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഗോവയ്ക്കെതിരെ. രാത്രി എട്ട് മണിക്ക് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം. സീസണിലെ ഗോള്‍വേട്ടക്കാര്‍ എന്ന പെരുമയുമായെത്തുന്ന ഗോവയെ തളയ്ക്കാന്‍ മഞ്ഞപ്പട വിയര്‍ക്കുമെന്നുറപ്പ്. എവേ മത്സരത്തില്‍ ഗോവ രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ്സിനെ തരിപ്പിണമാക്കിയിരുന്നു.

എവേ മത്സരത്തില്‍ സംഭവിച്ച പാളിച്ച ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതല്‍ എടുത്തുകഴിഞ്ഞെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഡേവിഡ് ജെയിംസ് പറഞ്ഞു. അതേസമയം ബ്ലാസ്റ്റേഴ്സില്‍ നിന്ന് കടുത്ത മത്സരം പ്രതീക്ഷിക്കുന്നുവെന്ന് ഗോവ താരം ഫെരാന്‍ കൊറോമിനോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഒമ്പത് കളിയില്‍ അഞ്ച് വിജയവുമായി ഗോവ പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്തും 11 കളിയില്‍ മൂന്ന് ജയവുമായി ബ്ലാസ്റ്റേഴ്സ് ആറാം സ്ഥാനത്തുമാണ്. 

സെമി ഫൈനലിലെത്താന്‍ കേരള ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള മത്സരങ്ങളില്‍ വിജയിച്ചേ തീരൂ. ഗോവയ്ക്കെതിരായ മത്സരത്തിന് പുറമെ രണ്ട് ഹോം മത്സരങ്ങള്‍ മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സിന് അവശേഷിക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ കോപ്പലാശാന്‍റെ ജെംഷഡ്പൂര്‍ എഫ്‌സി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയിരുന്നു.