ഗോവ: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ആദ്യ എവേ മത്സരം. രാത്രി എട്ടിന് തുടങ്ങുന്ന കളിയിൽ എഫ് സി ഗോവയാണ് എതിരാളികൾ. ചുവപ്പുകാര്‍ഡ് കണ്ട സി കെ വിനീത് ഇല്ലാതെയാകും ബ്ലാസ്റ്റേഴ്സ് ഇറങ്ങുക. സീസണിൽ ഇതുവരെയും ജയിക്കാത്ത ബ്ലാസ്റ്റേഴ്സിന് മൂന്ന് കളിയിൽ നിന്ന് ഒരുഗോളും മൂന്ന് പോയിന്‍റുമാണുള്ളത്. 

സൂപ്പര്‍താരം സി കെ വിനീതിന് പകരം ഇയാൻ ഹ്യൂമാകും പ്ലേയിംഗ് ഇലവനിൽ എത്തുക. പതിവ് മഞ്ഞ ജേഴ്സിക്ക് പകരം ബ്ലാസ്റ്റേഴ്സ് ആദ്യമായി കറുത്ത കുപ്പായത്തിൽ കളിക്കാനിറങ്ങും എന്നാണ് സൂചന. ബെംഗളൂരു എഫ് സിയെ രണ്ടിനെതിരെ മൂന്ന് ഗോളിന് വീഴ്ത്തിയ ആത്മവിശ്വാസവുമായാണ് ഗോവ ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത്.

ഇതിന് മുൻപ് ആറുതവണ ഏറ്റുമുട്ടിയപ്പോള്‍ മൂന്നുവീതം കളിയിൽ ഇരുടീമും വിജയിച്ചു. ഗോവ 12 ഗോളടിച്ചപ്പോൾ ബ്ലാസ്റ്റേഴ്സിന്‍റെ മറുപടി ഏഴുഗോൾ മാത്രമായി. കഴിഞ്ഞ സീസണിൽ ഗോവയിൽ ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ അഞ്ച് ഗോളിന് തോറ്റു. എന്നാല്‍ കൊച്ചിയിൽ ഒന്നിനെതിരെ രണ്ട് ഗോളിന് പകരംവീട്ടി ബ്ലാസ്റ്റേഴ്സ് തിരിച്ചടിച്ചിരുന്നു.

അതേസമയം മലയാളി താരം ഋഷിദത്ത് ഉൾപ്പടെ നാല് യുവതാരങ്ങളെക്കൂടി കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ ഉൾപ്പെടുത്തി. അണ്ടർ 17 ലോകകപ്പിനുള്ള ഇന്ത്യൻ ക്യാമ്പിൽ അംഗമായിരുന്ന ഋഷിദത്ത്, ദീപേന്ദ്ര നേഗി, സുരാജ് റാവത്ത്, മുഹമ്മദ് റാകിബ് എന്നിവരാണ് ടീമിലെത്തിയത്. നാലുതാരങ്ങളും പത്തൊൻപത് വയസ്സിൽ താഴെയുള്ളവരാണ്.