കൊച്ചി: ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ സീസണിലെ ആദ്യ ഗോള്‍ നേടിയിട്ടും മഞ്ഞപ്പടക്ക് സമനില. ആര്‍ത്തിരമ്പിയ ആരാധകര്‍ക്ക് മുന്നില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ മുംബൈ സിറ്റി 1-1ന് സമനിലയില്‍ തളച്ചു. ഫോമിലേക്കുയര്‍ന്ന ബ്ലാസ്‌റ്റേഴ്‌സ്‌നിര തുടക്കം മുതല്‍ മുംബൈ ഗോള്‍മുഖത്ത് ആക്രമണം അഴിച്ചുവിട്ടത് ആരാധകര്‍ക്ക് വിരുന്നായി. എന്നാല്‍ ചുവപ്പു കാര്‍ഡ് കണ്ട് പുറത്തുപോയ സികെ വിനീത് കാണികള്‍ക്ക് കണ്ണീരായി. 

ദിമിതര്‍ ബെര്‍ബറ്റോവും സിഫ്‌നോസും താളം കണ്ടെത്തിയപ്പോള്‍ ബ്ലാസ്റ്റേഴ്‌സ് വിജയിക്കുമെന്ന് തോന്നിച്ചു. പതിനാറാം മിനിറ്റില്‍ 26-ാം നമ്പര്‍ താരം മാര്‍ക് സിഫ്‌നോസ് ഗോള്‍ നേടിയതോടെ മൈതാനം ശബ്ധക്കടലായി. മലയാളിതാരം റിനോ ആന്‍റോയുടെ സുന്ദരമായ പാസില്‍ നിന്ന് സിഫ്‌നോസ് അനായാസം വലകുലുക്കി. 28ാം മിനുറ്റില്‍ സികെ വിനീതിന്‍റെ തകര്‍പ്പനടി ഗോളി തടുത്തത് രണ്ടാം ഗോളവസരം ഇല്ലാതാക്കി.

പിന്നാലെ 29ാം മിനുറ്റില്‍ കറേജ് പെക്കൂസന്‍റെ ഗോള്‍ ശ്രമം ബാറിന് പുറത്തേക്ക് പോയി. 42-ാം മിനുറ്റില്‍ ബെര്‍ബറ്റോവിന്‍റെ തകര്‍പ്പന്‍ പാസ് ജാക്കിചന്ദ് സിംഗ് പാഴാക്കുകയും അധികസമയത്ത് ബെര്‍ബറ്റോവിന്‍റെ ലോകോത്തര ഹെഡറര്‍ ഗോളി പിടിയിലുമൊതുക്കുകയും ചെയ്തു. ഇതോടെ പൂര്‍ണ്ണമായും മഞ്ഞപ്പട കയ്യടക്കിയ ആദ്യ പകുതി അവസാനിച്ചു 

രണ്ടാം പകുതിയുടെ ആദ്യ മിനുറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് അക്രമണം തുടങ്ങി. 55-ാം മിനുറ്റില്‍ ലഭിച്ച സുവര്‍ണ്ണാവസരം വിനീതിന്‍റെ അശ്രദ്ധമായ ഷോട്ടില്‍ ബാറില്‍ തൊടാതെ പുറത്തേക്ക് പോയി. തൊട്ടുപിന്നാതെ പെക്കൂസണ്‍ വീണ്ടും മുംബൈ ഗോള്‍മുഖം പരീക്ഷിച്ചു. എന്നാല്‍ 77-ാം മിനുറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ നെഞ്ചിലേക്ക് ബല്‍വന്ത് സിംഗ് ഉതിര്‍ത്ത വെടിയുണ്ട അക്ഷരാര്‍ത്ഥത്തില്‍ സ്‌റ്റേഡിയത്തെ മൂകമാക്കി.

പിന്നെ കണ്ടത് ഇടയ്ക്കിടക്ക് അടിയും തിരിച്ചടിയുമായി ഏറ്റുമുട്ടുന്ന ടീമുകളെ. ഒടുവില്‍ സൈഡ് ബഞ്ചിലിരുന്ന ഇയാം ഹ്യൂമിനെയിറക്കി റെനിച്ചായന്‍ അടവുമാറ്റി. എന്നാല്‍ അവസാന നിമിഷം സികെ വിനീത് പുറത്തുപോയതോടെ പത്ത് പേരുമായി കളിച്ച മഞ്ഞപ്പട സമനില വഴങ്ങി. അധികസമയത്ത് ലഭിച്ച രണ്ട് കോര്‍ണ്ണര്‍ അവസരങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെടുത്തുകയും ചെയ്തു.