മുംബൈ: ഐഎസ്എല്ലില്‍ രണ്ടാം എവേ ജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മുംബൈ സിറ്റിക്കെതിരെ. മുംബൈയിൽ രാത്രി 8 മണിക്കാണ് മത്സരം. എവേ മത്സരത്തിൽ ഡൽഹി ഡൈനാമോസിനെ തോൽപ്പിച്ചതിന്‍റെ ആത്മവിശ്വാസവുമായാണ് മഞ്ഞപ്പട കളിക്കാനിറങ്ങുന്നത്. പരിക്ക് ഭേദമായ സി കെ വിനീത് മുംബൈയ്ക്കെതിരെ കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ സി.കെ വിനീത് കളിക്കുമോ എന്ന കാര്യം പരിശീലകന്‍ ഡേവിഡ് ജെയിംസ് വ്യക്തമാക്കിയിട്ടില്ല.

ഡൽഹിക്കെതിരെ ഹാട്രിക്ക് നേടിയ സൂപ്പര്‍താരം ഇയാന്‍ ഹ്യൂമിലാണ് ബ്ലാസ്റ്റേഴ്സിന്‍റെ പ്രതീക്ഷകള്‍. ഒന്‍പത് കളിയിൽ 14 പോയിന്‍റുമായി മുംബൈ അഞ്ചാമതും 11 പോയിന്‍റുള്ള
കേരള ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്തുമാണ്. അവസാന മത്സരത്തില്‍ ഡല്‍ഹി ഡൈനമോസിനെ ഹ്യൂമിന്‍റെ ഹാട്രിക്കില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിരുന്നു. സീസണില്‍ സാധ്യതകള്‍ നിലനിര്‍ത്താന്‍ ബ്ലാസ്റ്റേഴ്സിന് വിജയം അനിവാര്യമാണ്.