കൊച്ചി: മഞ്ഞപ്പടയുടെ മലയാളി താരം സി.കെ വിനീത് വലകുലുക്കിയതോടെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്സ് മുന്നില്‍. 23-ാം മിനുറ്റില്‍ റിനോ ആന്‍റോയുടെ മനോഹര ക്രോസില്‍ നിന്നാണ് സി.കെ വിനീത് ഗോള്‍ നേടിയത്. വലതുമൂലയില്‍ നിന്ന് റിനോയുയര്‍ത്തിയ പന്ത് വിനീത് പറന്ന് ഹെഡ് ചെയ്ത് വലയിലിട്ടു.

42-ാം മിനുറ്റില്‍ മാര്‍ക് സിഫ്നോസിനെ വീഴ്ത്തിയതിന് നോര്‍ത്ത് ഈസ്റ്റ് ഗോളി ടി പി രഹനേഷ് റെഡ് കാര്‍ഡ് കണ്ട് പുറത്തായി. പിന്നീട് ഒരു താരത്തെ പിന്‍വലിച്ച് പത്ത് പേരുമായാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ആദ്യ പകുതി പൂര്‍ത്തിയാക്കിയത്. ബ്ലാസ്റ്റേഴ്സിന്‍റെ കരുത്തും വേഗവും കണ്ട ആദ്യ പകുതി കാണികള്‍ക്ക് ആവേശമായി. എന്നാല്‍ നിരവധി അവസരങ്ങള്‍ ബ്ലാസ്റ്റേഴ്സ് പാഴാക്കുന്നതും കാണാനായി.