പുനെ: പുനെ സിറ്റിക്കെതിരെ ആദ്യ പകുതിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഗോള്‍രഹിത സമനില. ഗോളെന്നുറച്ച നിരവധി അവസരങ്ങള്‍ കിട്ടിയെങ്കിലും മഞ്ഞപ്പടയ്ക്ക് അത് മുതലാക്കാനാകാതെ പോയതാണ് തിരിച്ചടിയായത്. കേരള ബ്ലാസ്റ്റേഴ്സിന്‍റെ ആക്രമണത്തോടെയാണ് പുനെയിലെ അങ്കം തുടങ്ങിയത്. മൂന്നാം മിനുറ്റില്‍ ജാക്കിചന്ദ് സിംഗ് വലതുവിങ്ങിലൂടെ മുന്നേറിയെങ്കിലും മികച്ച ക്രോസുതിര്‍ക്കാനായില്ല.
ആറാം മിനുറ്റില്‍ ഡീഗോ കാര്‍ലോസിലൂടെ പുനെ തങ്ങളുടെ ആദ്യ ആക്രമണം നടത്തിയപ്പോള്‍ ബ്ലാസ്റ്റേഴ്സ് ഗോളി സുഭാശിഷ് റോയി രക്ഷകനായി. പത്താം മിനുറ്റില്‍ മഞ്ഞപ്പടയെ ഞെട്ടിച്ച് പുനെയുടെ ഗോള്‍മെഷീന്‍ മാര്‍സലീഞ്ഞോയുടെ ഫ്രീകിക്ക് പോസ്റ്റിനെയുരുമി കടന്നുപോയി. 21-ാം മിനുറ്റില്‍ പന്തുമായി പുനെ ഗോള്‍മുഖത്തേക്ക് ഹ്യൂം കുതിച്ചെങ്കിലും റാഫയെ തട്ടിയിട്ടതിന് റഫറി ഫൗള്‍ വിളിച്ചു.
29-ാം മിനുറ്റില്‍ ജാക്കിചന്ദ് സിംഗിന്‍റെ തകര്‍പ്പന്‍ ക്രോസിന് തലവെച്ചെങ്കിലും ഹ്യൂമേട്ടന് ലക്ഷ്യംതെറ്റി. 36-ാം മിനുറ്റില്‍ മലയാളി താരം സി.കെ വിനീതിനെ ഫൗള്‍ ചെയ്തതിന് പുനെയുടെ റാഫ ലോപ്പസിന് മത്സരത്തിലെ ആദ്യ മഞ്ഞക്കാര്‍ഡ് കിട്ടി. തൊട്ടുപിന്നാലെ 38-ാം മിനുറ്റില്‍ മാര്‍സലീഞ്ഞോയെ വീഴ്ത്തിയതിന് നെമന്‍ജ പെസികിന് റഫറി മഞ്ഞക്കാര്‍ഡ് നല്‍കി.
41-ാം മിനുറ്റില്‍ മിലന്‍ സിംഹഗിന്‍റെ കൃത്യമായ പാസ് ഗോളിലേക്ക് തിരിച്ചുവിടുന്നതിനിടയില്‍ ഇയാന്‍ ഹ്യൂമിന് പിഴച്ചു. പരിക്കേറ്റ് പിടഞ്ഞ ഹ്യൂമിന് പകരക്കാരനായി ഇഞ്ചുറി ടൈമില്‍ ഗുഡ്ജോണ്‍ കളത്തിലിറങ്ങിയെങ്കിലും കേരളത്തിന് അക്കൗണ്ട് തുറക്കാനായില്ല.
