കൊച്ചി: വയസന്‍ പടയെന്ന പേരുദേഷം മാറ്റി കെസിറോണ്‍ കിസിറ്റോ എത്തിയപ്പോള്‍ മഞ്ഞപ്പട ആരാധകര്‍ വിളിച്ചത് ഡ്യൂഡ് എന്ന്. കാണികളെ കയ്യിലെടുത്ത് അതിവേഗ മുന്നേറ്റങ്ങളിലുടെ ആരാധകരുടെ ഡ്യൂഡ് കൊച്ചിയില്‍ താരമായി. മഞ്ഞപ്പടയുടെ ഫിനിഷിംഗ് പിഴവും മധ്യനിരയിലെ ഇഴയലും അവസാനിപ്പിക്കാന്‍ പോന്ന യുവതാരമാണ് കെസിറോണ്‍ കിസിറ്റോയെന്ന് കളിയില്‍ വ്യക്തമായി.

ഐഎസ്എല്‍ പ്രീ സീസണിന് മുമ്പ് ടീമിനൊപ്പം പരിശീലത്തിനിറങ്ങിയ കിസിറ്റോയുടെ വരവിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ബ്ലാസ്റ്റേഴ്സിന്‍റെ എട്ടാമത്തെ വിദേശ താരമായി ഉഗാണ്ടന്‍ യുവതാരം കിസിറ്റോ കരാറിലെത്തിയതോടെ അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. പുനെ എഫ്സിക്കതിരെ ബൂട്ടണിഞ്ഞതോടെ മഞ്ഞപ്പടയുടെ മുന്നേറ്റത്തിന് ഇനി കച്ചമുറുക്കുക ഡ്യൂഡിന്‍റെ നീക്കങ്ങളായിരിക്കുമെന്നുറപ്പിക്കാം.

പുനെ എഫ്സിക്കെതിരായ മത്സരത്തില്‍ മഞ്ഞപ്പട ഉണര്‍ന്നുകളിച്ചത് ബെര്‍ബറ്റേവിന് പകരം കിസിറ്റോ കളത്തിലെത്തിയതോടെയാണ്. കിസിറ്റോയുടെ ആദ്യ ടച്ചോടെ കളിയുടെ ഗതിവേഗം പതിന്‍മടങ്ങ് വര്‍ദ്ധിച്ചു. അനായാസം കിസിറ്റേ എതിരാളികളെ മറികടന്ന് പന്തുമായി മുന്നേറി. ഒടുവില്‍ 73-ാം മിനുറ്റില്‍ കിസിറ്റോയുടെ പാസ് പെക്കുസണിന്‍റെ കാലിലൂടെ എത്തിയപ്പോള്‍ മാര്‍ക് സിഫ്നോസ് സമനില ഗോളായി മാറ്റി. 

ഉഗാണ്ടന്‍ യുവതാരവുമായി ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ് കരാറിലെത്തിയ വിവരം പരിശീലക സ്ഥാനമൊഴിഞ്ഞ റെനെ മ്യൂളസ്റ്റീനായിരുന്നു സ്ഥിരീകരിച്ചത്. ഇതോടെ ജനുവരി മുതല്‍ കെസിറോണ്‍ കിസിറ്റോ മഞ്ഞപ്പടയ്ക്കായി ജഴ്സിയണിയുമെന്ന് ഉറപ്പായിരുന്നു. ഇനിയുള്ള മത്സരങ്ങളില്‍ വിജയിച്ചാല്‍ പ്ലേ ഓഫിലെത്താം എന്നിരിക്കെ ഇനി മൈതാനത്തെ ഡ്യൂഡിന്‍റെ മിന്നല്‍ ആക്രമണങ്ങളിലാണ് ബ്ലാസ്റ്റേഴ്സിന്‍റെ പ്രതീക്ഷ.