പുനെ: ഐഎസ്എല്ലില്‍ ശക്തരായ പുനെ എഫ്‌സിക്ക് തകര്‍പ്പന്‍ ജയം. പുനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് എടികെ കൊല്‍ക്കത്തയെ തകര്‍ത്തു. പുനെയ്ക്കായി ആദില്‍ ഖാന്‍, ഡിയാഗോ കാര്‍ലോസ്, രോഹിത് കുമാര്‍ എന്നിവര്‍ ഗോള്‍ കണ്ടെത്തി. മികച്ച പ്രകടനം കാഴ്ച്ചവെച്ച പുനെയുടെ ബ്രസീലിയന്‍ താരം ഡിയാഗോ കാര്‍ലോസാണ് കളിയിലെ താരം. കൊല്‍ക്കത്ത കൂടുതല്‍ സമയം പന്ത് കൈവശം വെച്ചിട്ടും പുനെ ശക്തമായി ആക്രമിക്കുന്ന കാഴ്ച്ചയാണ് കണ്ടത്.
നിരവധി ഗോളവസരങ്ങളുണ്ടായിട്ടും മുന്നേറ്റനിര പതിവ് ലക്ഷ്യം കാണാത്തതാണ് പുനെയുടെ ഗോള്‍വേട്ട മൂന്നിലൊതുക്കിയത്. സൂപ്പര്‍താരം മാര്‍സലീഞ്ഞോയുടെ കോര്‍ണറില്‍ നിന്ന് 33-ാം മിനുറ്റില്‍ ആദില്‍ ഖാന്‍ പുനെയുടെ ആദ്യ ഗോള്‍ നേടി. പിന്നാലെ 36-ാം മിനുറ്റില്‍ സമനില ഗോള്‍ നേടാനുള്ള കൊല്‍ക്കത്ത താരം കോണോര്‍ തോമസിന്‍റെ ശ്രമം ഗോള്‍ ലൈനിനരികെ പുനെ താരം ജുവല്‍ രാജ പരാജയപ്പെടുത്തി.
46-ാം മിനുറ്റില്‍ എടികെക്ക് ലഭിച്ച മറ്റൊരു സുവര്‍ണാവസരം ഫ്രീകിക്കെടുത്ത കെയ്ത്ത് പാരീസ് നഷ്ടപ്പെടുത്തി. അതോടെ ഒരു ഗോളിന്‍റെ ലീഡുമായി ആദ്യ പകുതി അവസാനിച്ചു. 60-ാം മിനുറ്റില്‍ എടികെ പ്രതിരോധത്തെ നിഷ്‌പ്രഭമാക്കി ഡിയാഗോ പുനെയുടെ രണ്ടാം ഗോള്‍ കണ്ടെത്തി. 65-ാം മിനുറ്റില്‍ കൊട്ടേരി നല്‍കിയ മനോഹരമായ പന്തിന് തലവെക്കാതെ ജയേഷ് നഷ്ടപ്പെടുത്തിയതോടെ തിരിച്ചടിക്കാനുള്ള കൊല്‍ക്കത്തയുടെ ശ്രമങ്ങള്‍ വീണ്ടും പരാജയപ്പെട്ടു.
എന്നാല്‍ 78-ാം മിനുറ്റില്‍ മൂന്നാം ഗോള്‍ നേടി രോഹിത് കുമാര്‍ ലക്ഷ്യം കണ്ടതോടെ കൊല്‍ക്കത്തയുടെ വലനിറച്ച് പുനെ വിജയമുറപ്പിച്ചു. മറുവശത്ത് അവസാന നിമിഷം വരെ തിരിച്ചടിക്കാനാകാതെ കൊല്‍ക്കത്ത അടിയറവ് പറഞ്ഞു. വിജയത്തോടെ 19 പോയിന്‍റുമായി പുനെ മൂന്നാമതും 12 പോയിന്‍റുള്ള കൊല്‍ക്കത്ത ലീഗില്‍ 10-ാം സ്ഥാനത്തുമാണ്.
