പുനെ: ഐഎസ്എല്ലില്‍ കോപ്പലാശാന്‍റെ ജെംഷഡ്പൂര്‍ എഫ്‌സിയെ തകര്‍ത്ത് പുനെ സിറ്റി ഒന്നാമത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പുനെയുടെ ജയം. ആദ്യ ഗോള്‍ കണ്ടെത്തി ജെംഷഡ്പൂര്‍ മുന്നിലെത്തിയെങ്കിലും നാല് മിനുറ്റുകളുടെ ഇടവേളയില്‍ രണ്ട് ഗോളടിച്ച് പുനെ വിജയം സ്വന്തമാക്കുകയായിരുന്നു. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിട്ട് നിന്ന പുനെ രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും നേടിയത്.
വിശ്രമത്തിലായിരുന്ന ജെംഷഡ്പൂര്‍ എഫ്സിയുടെ മലയാളി താരം അനസ് എടത്തൊടിക മത്സരത്തില്‍ തിരിച്ചെത്തി. 29-ാം മിനിറ്റില്‍ വെല്ലിംഗ്ടണ്‍ പ്രയോറിയാണ് ജംഷഡ്പൂരിന്റെ ഗോള്‍ നേടിയത്. എന്നാല്‍ ഗുര്‍തേജ് സിംഗ് (62), ആല്‍ഫാരോ (66) എന്നിവര്‍ പൂനെയ്ക്കായി ഗോളുകള്‍ മടക്കി മത്സരം കൈക്കലാക്കി. പുനെയുടെ ഗോളടി യന്ത്രം മാര്‍സലീഞ്ഞോയാണ് ഇരു ഗോളുകള്‍ക്കും വഴയൊരുക്കിയത്. വിജയത്തോടെ 12 കളിയില്‍ നിന്ന് 22 പോയിന്റോടെ പൂനെ ഒന്നാം സ്ഥാനത്തും 12 കളിയില്‍ 16 പോയിന്റുമായി ജംഷഡ്പൂര്‍ ആറാംസ്ഥാനത്തുമാണ്.
