കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന്‍റെ തുടര്‍തോല്‍വികളെ തുടര്‍ന്ന് നാടുവിട്ട മുന്‍ പരിശീലകന്‍ റെനെ മ്യുളന്‍സ്റ്റീന്‍ സന്ദേശ് ജിംങ്കാനെതിരെ രംഗത്ത്. ബ്ലാസ്റ്റേഴ്സ് നായകന്‍ സന്ദേശ് ജിംങ്കാന്‍ പ്രഫഷണലിസമില്ലാത്ത താരമാണെന്ന് റെനെ വിമര്‍ശിച്ചു. ഗോവയോട് രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തോറ്റിട്ടും ജിങ്കന്‍ നൈറ്റ് പാര്‍ട്ടിയില്‍ പോയി വെളുപ്പിന് നാല് മണിവരെ മദ്യപിച്ചതായി റെനെ കുറ്റപ്പെടുത്തി. 

നായകനെന്ന നിലയില്‍ ജിംങ്കാന്‍റെ നടപടിയെ പ്രൊഫഷനലിസമെന്ന് വിളിക്കാന്‍ കഴിയുമോയെന്ന് മുന്‍ പരിശീലകന്‍ ചോദിച്ചു. ബെംഗളുരുവിനെതിരായ മത്സരം വിജയിക്കാന്‍ താരങ്ങള്‍ക്ക് താല്‍പ്പര്യമില്ലായിരുന്നുവെന്നും റെനെ വിമര്‍ശിച്ചു. മഞ്ഞപ്പടയോട് വിടപറഞ്ഞ ശേഷം ഇതാദ്യമായാണ് റെനെ മ്യുളന്‍സ്റ്റീന്‍റെ പ്രതികരണം പുറത്തുവരുന്നത്. സ്‌പോര്‍ട്‌സ് വെബ് സൈറ്റായ ഗോള്‍ ഡോട്ട് കോമുമായി നടത്തിയ അഭിമുഖത്തിലാണ് റെനെയുടെ വിവാദ പരാമര്‍ശങ്ങള്‍.

ബോക്സില്‍ പന്ത് കൈകൊണ്ട് തട്ടി പൊനാള്‍ട്ടി വഴങ്ങിയ ജിംങാകന്‍റെ നടപടി ഇത് വ്യക്തമാക്കുന്നു. ജിംങ്കാന്‍ പന്ത് കൈ കൊണ്ട് തൊട്ടതിന് വ്യക്തമായ കാരണങ്ങളിലെന്നും മൂന്നാമത്തെ ഗോള്‍ നേടാന്‍ മിക്കുവിനെ അനുവദിച്ചതായും റെനെ പറയുന്നു. താന്‍ രാജിവെച്ച് പുറത്തായ ദിനം ടീമിന്‍റെ പ്രകടനത്തെ കുറിച്ച് നായകനോട് ആരാഞ്ഞപ്പോള്‍ താരം മദ്യലഹരിലായിരുന്നു. ഇന്ത്യയിലെ വലിയ പ്രഫഷണലാണ് എന്നാണ് ജിംങ്കാന്‍റെ വിശ്വസമെങ്കില്‍ താനങ്ങനെ കരുതുന്നില്ല.

ജിംങ്കാനുമായോ മറ്റ് താരങ്ങളുമായോ പ്രശ്‌നങ്ങളില്ലെന്നും ഡ്രസിംഗ് റൂമില്‍ കയ്യാങ്കളി നടന്നതായുള്ള വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും റെനെ വ്യക്തമാക്കി. തന്നെ കുറിച്ചോ പരിശീലനത്തെ കുറിച്ചോ ഇന്ത്യന്‍ താരങ്ങള്‍ പരാതി പറയാന്‍ സാധ്യതയില്ലെന്നും എന്നാല്‍ ഗോവക്കെതിരായ മത്സരത്തിന് ശേഷം താനൊരു തീരുമാനത്തിലെത്തുകയായിരുന്നെന്നും മുന്‍ പരിശീലകന്‍ പറഞ്ഞു.