മുംബൈ: ലോക ഫുട്ബോളില്‍ അമ്പരിപ്പിക്കുന്ന ആരാധകക്കൂട്ടമാണ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ മഞ്ഞപ്പട. ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്സിന്‍റെ പന്ത്രണ്ടാം താരമെന്നാണ് മഞ്ഞപ്പട ആരാധകര്‍ അറിയപ്പെടുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഹോം, എവേ മാച്ചുകളില്‍ ഒഴുകിയെത്തുന്ന മഞ്ഞപ്പടയാണ് ടീമിന്‍റെ വലിയ കരുത്ത്. മറ്റ് ക്ലബുകളെയും ഇതിഹാസ താരങ്ങളെയും വിസ്‌മയിപ്പിച്ച മഞ്ഞപ്പട ആരാധകര്‍ ടീമുടമ സച്ചിന്‍ ടെന്‍ഡുള്‍ക്കറെയും ഞെട്ടിച്ചിരിക്കുന്നു.
നിഖിലെന്ന ബ്ലാസ്റ്റേഴ്സ് ആരാധകന്‍ അയച്ച കത്തും ടീം സ്‌കാര്‍ഫും സച്ചിനെ തേടിയെത്തി. പ്രത്യേക സമ്മാനം അയച്ചുതന്ന ആരാധകന് ട്വിറ്റര്‍ വീഡിയോയിലൂടെ സച്ചിന്‍ ടെന്‍ഡുള്‍ക്കര്‍ നന്ദി അറിയിച്ചു. നമസ്‌ക്കാരം നിഖില്‍ എന്നാരംഭിക്കുന്ന വീഡിയോയില്‍ ബ്ലാസ്റ്റേഴ്‌സിനുള്ള പിന്തുണയ്ക്ക് അകമൊഴിഞ്ഞ സ്‌നേഹം മുന്‍ ക്രിക്കറ്റര്‍ പ്രകടിപ്പിച്ചു. ടീമിന് പൂര്‍ണപിന്തുണ നല്‍കുന്ന ആരാധകര്‍ക്കൊപ്പം ടീമുടമയായ സച്ചിനുണ്ടെന്ന് വ്യക്തമാക്കുന്നതായി ഈ സംഭവം.
