കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ആദ്യ മത്സരത്തിനായി കാത്തിരുന്ന കാണികള്‍ക്ക് ആവേശമായി സൂപ്പര്‍താരനിര. മലയാളത്തിന്‍റെ സ്വന്തം മമ്മുട്ടിക്കൊപ്പം ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാന്‍, കത്രീന കൈഫ്, കേരള ബ്ലാസ്റ്റേഴ്‌സ് ഉടമ സച്ചിന്‍ ടെന്‍ഡുള്‍ക്കര്‍ എന്നിവര്‍ കൊച്ചിയില്‍ ഐഎസ്എല്‍ ഉദ്ഘാടനത്തിനെത്തി. സല്‍മാന്‍ഖാനെയും കത്രീന കൈഫിനെയും ഹര്‍ഷാരവങ്ങളോടെ കൊച്ചിയിലെ കാണികള്‍ വരവേറ്റു. ഉദ്ഘാടന ചടങ്ങിന് മാറ്റുകൂട്ടി ഇരുവരും ചേര്‍ന്ന് നൃത്തവും സ്റ്റേഡിയത്തില്‍ അവതരിപ്പിച്ചു.
മത്സരത്തിന് മുമ്പ് ആരാധകര്‍ക്കൊപ്പം സൈക്കിളില്‍ സ്റ്റേഡിയത്തെ വലംവെച്ച സല്‍മാന്‍ഖാന്‍ മഞ്ഞക്കടലിന് ആവേശമായി. ഇതിനിടയില്‍ മമ്മുട്ടിക്കൊപ്പം സല്‍മാന്‍ഖാന്‍ നൃത്തംവെച്ചതോടെ സ്റ്റേഡിയം ഇളകി മറിഞ്ഞു. മമ്മുട്ടി സച്ചിന്‍ ടെന്‍ഡുള്‍ക്കറിനും സല്‍മാന്‍ഖാനും കത്രീന കൈഫിനുമൊപ്പം സെല്‍ഫിയെടുക്കുകയും ചെയ്തു. ബല്‍റാം vs താരദാസില്‍ ഒന്നിച്ചഭിനയിച്ച മമ്മുട്ടിക്കും കത്രീന കൈഫിനും സംഗമ വേദി കൂടിയായി സ്റ്റേഡിയം.
