കൊച്ചി: ഐഎസ്എല്ലില്‍ ഏറെ പേരുദോഷമുള്ള പരിശീലകനാണ് പുനെ സിറ്റി എഫ്സിയുടെ റാങ്കോ പൊപോവിച്ച്. കളിക്കിടയില്‍ കളിക്കാരോടും ഒഫീഷ്യലുകളോടും കലിപ്പുതീര്‍ക്കലാണ് ആശാന്‍റെ പ്രധാന വിനോദം. റഫറിയോടുള്ള മോശം പെരുമാറ്റം കാരണം നാലു മത്സരങ്ങളില്‍ വിലക്കിലാണ് പൊപോവിച്ചിപ്പോള്‍. ഐഎസ്എല്‍ അധികൃതര്‍ നല്ലനടപ്പിന് വിധിച്ച പുനെ പരിശീലകന്‍ കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്നെതിരായ മത്സരത്തില്‍ കാണിയായി വിവിഐപി ഗാലറിയിലുണ്ടായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

എന്നാല്‍ പതിവുപോലെ റാങ്കോ പൊപോവിച്ച് കൊച്ചിയിലും നിയന്ത്രണം വിട്ട് അഴിഞ്ഞാടി. മത്സരത്തിന്‍റെ കിക്കോഫ് മുതല്‍ റാങ്കോ പതിവ് കലിപ്പ് സ്വഭാവത്തോടെ ഗാലറിയില്‍ കോലാഹലമുണ്ടാക്കി. വിവിഐപി ഗാലറിയിലിരുന്ന് കളികണ്ട മലയാളികളുടെ പ്രിയങ്കരനായ കമന്‍റേറ്റര്‍ ഷൈജു ദാമോദരനും മഞ്ഞപ്പട ആരാധകര്‍ക്കും റാങ്കോയുടെ കോലാഹലങ്ങള്‍ ഇഷ്ടപ്പെട്ടില്ല. പുനെ സിറ്റി പരിശീലകനെ എങ്ങനെയാണ് നേരിട്ടതെന്ന് ഷൈജുവേട്ടന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

ഷൈജു ദാമോദരന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...

ദേ.. ആ പുറകിൽ ഇരിക്കുന്ന സായിപ്പിനെ കണ്ടില്ലേ.... അയാളുടെ മുമ്പിൽ ഒരു ഡപ്പാംകുത്ത് കളിച്ചപ്പോഴാണ് ഇപ്പോൾ സമാധാനമായത്. കിക്കോഫ് മുതൽ ചെവിതല കേൾപ്പിച്ചിട്ടില്ല.. ഒടുക്കത്തെ ഷോ!! വെറുതെയല്ല ഏമാന് നാല് മാച്ച് സസ്പെൻഷൻ കിട്ടിയത്. ഇവിടെ ഇരുന്നും റഫറിയെ തെറി വിളിക്കുകയാണ്. നമ്മട സമനില ഗോൾ വിഐപി -വിവിഐപി സെക്ടറിലെ ഏതാണ്ട് എല്ലാ കാണികളും പുള്ളീടെ നെഞ്ചത്താണ് ആഘോഷിച്ചത്. റാങ്കോ പോപ്പോ വിച്ചേ.. ദിസ് ഈസ് കേരളാ ഡാ... ഡാ...