കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ബാറിന് കീഴെ വിശ്വസ്തനായ പടയാളിയാണ് സുഭാശിഷ് റോയി. പലതവണ മഞ്ഞപ്പടയുടെ രക്ഷയ്ക്കെത്തിയ റോയിയെ തേടി ഐപിഎല്ലിലെ അപൂര്‍വ്വ റെക്കോര്‍ഡെത്തിയിരിക്കുന്നു. കൊല്‍ക്കത്തയ്‌ക്കെതിരായ കഴിഞ്ഞ മത്സരത്തിലാണ് സുഭാശിഷ് റോയി അപൂര്‍വ നേട്ടത്തിനുടമയായത്. ഐഎസ്എല്ലിലെ ആദ്യ മത്സരത്തിലും 250-ാം മത്സരത്തിലും കളിച്ച ഏക താരമാണ് സുഭാഷിഷ് റോയി.

കഴിഞ്ഞ ദിവസം സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ബ്ലാസ്റ്റേഴ്‌സ്-കൊല്‍ക്കത്തയെ പോരാട്ടം ഐഎസ്എല്‍ ചരിത്രത്തിലെ 250-ാം മത്സരമായിരുന്നു. 2014ലെ ആദ്യ ഐ.എസ്.എല്‍ സീസണില്‍ ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്ത മുംബൈ സിറ്റിയെ നേരിട്ടപ്പോള്‍ ഗോള്‍ വലയ്ക്ക് കാവലാളായി സുഭാശിഷ് റോയി ഉണ്ടായിരുന്നു. എന്നാല്‍ ആദ്യ ടീമായ കൊല്‍ക്കത്തയ്ക്കെതിരെയാണ് 250-ാം മത്സരത്തില്‍ റോയിക്ക് കളിച്ചത് എന്നത് കൗതുകമാണ്.