മലയാളിതാരം സി കെ വിനീത് തൊണ്ണൂറാം മിനുട്ടിൽ നേടിയ ഗോള്‍ ബ്ലാസ്റ്റേഴ്‌സിനെ രക്ഷിച്ചത് മരണമുഖത്ത് നിന്ന്. തോൽവിയുടെ വക്കിൽനിന്ന് തിരിച്ചെത്തിയ ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിൻ എഫ് സിക്കെതിരെ അവരുടെ തട്ടകത്തിൽ ജയത്തിന് തുല്യമായ സമനില സ്വന്തമാക്കി. എൺപത്തിയെട്ടാം മിനിട്ടിൽ റെനെ മിഹെലിക് പെനാൽറ്റിയിലൂടെ നേടിയ ഗോളിന് തൊണ്ണൂറാം മിനുട്ടിൽ വിനീത് തകര്‍പ്പൻ ഹെഡറിലൂടെ മറുപടി നൽകുകയായിരുന്നു.
88 മിനുട്ട് വരെ ഗോള്‍രഹിതമായിരുന്ന മൽസരം നാടകീയമായാണ് കലാശിച്ചത്. പെനാൽറ്റിയിലൂടെ റെനെ മിഹെലിക് ചെന്നൈയിനെ മുന്നിലെത്തിയപ്പോള്‍ ഗ്യാലറിയിൽനിറഞ്ഞ ആരാധകര്‍ ആവേശതിമിര്‍പ്പിലായി. തോൽവി ഉറപ്പിച്ച ബ്ലാസ്റ്റേഴ്‌സ് ക്യാംപ് മ്ലാനതയിലും. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് സി കെ വിനീത് ആഞ്ഞടിച്ചതോടെ ബ്ലാസ്റ്റേഴ്‌സ് ക്യാംപ് ജീവശ്വാസം ലഭിച്ചതുപോലെയായി. ബ്ലാസ്റ്റേഴ്സ് നായകൻ സന്ദേശ് ജിംഗാൻ നൽകിയ ക്രോസ് ബോക്സിനുള്ളിൽ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന വിനീത് വലയിലാക്കുകയായിരുന്നു.
മൽസരത്തിലൂടനീളം മേൽക്കൈ ചെന്നൈയിൻ എഫ് സിക്കായിരുന്നു. പന്തടക്കത്തിലും ഗോളവസരങ്ങളിലും അവര്‍ മുന്നിട്ടുനിന്നു. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധനിരയുടെ അവസരോചിതമായ ഇടപെടലുകളാണ് വൻമാര്‍ജിനിലുള്ള തോൽവി ഒഴിവാക്കാൻ സഹായിച്ചത്.
അഞ്ചു മൽസരങ്ങളിൽ ആറു പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്താണ്. ബ്ലാസ്റ്റേഴ്‌സിനെതിരായ സമനിലയോടെ ആറു കളികളിൽ 12 പോയിന്റുള്ള ചെന്നൈയിൻ എഫ് സി മൂന്നാം സ്ഥാനത്താണ്.
