കൊച്ചി: മുംബൈ സിറ്റിക്കെതിരായ മത്സരത്തില്‍ ബ്ലാസറ്റേഴ്സിന്‍റെ ആദ്യ ഗോള്‍ കാണാമെന്ന് സ്‌ട്രൈക്കര്‍ സികെ വിനീത്. സമൂഹ മാധ്യമങ്ങളിലൂടെ ടീമിനെയും തന്നെയും വ്യക്തിപരമായി പരിഹസിക്കുന്നതില്‍ കടുത്ത വിഷമമുണ്ടെന്നും വിനീത് പറഞ്ഞു. ഐഎസ്എല്ലിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്സിന്‍റെ പ്രകടനം മോശമായെന്ന് വിനീത് തുറന്ന് സമ്മതിച്ചു. 

സീസണ്‍ ആരംഭിച്ച ശേഷം സികെ വിനീത് ഇതാദ്യമായാണ് കളിയെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നത്. വന്‍ താരനിരയും വലിയ പ്രതീക്ഷയുമായി ഇറങ്ങിയ ബ്ലാസ്റ്റേഴ്സ് ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. എതിര്‍ പെനാള്‍ട്ടി ഏരിയയിലേക്ക് പന്തുമായി കടക്കുന്നതില്‍ ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടെന്ന് വിനീത് പറയുന്നു.

തന്‍റെ കളി തനിക്ക് തന്നെ ഇഷ്ടമായില്ല. അടുത്ത മത്സരത്തോടെ കൂടുതല്‍ ഗോളുകളും മുന്നേറ്റവും നടത്താനാണ് പരിശ്രമിക്കുന്നത്. ബെര്‍ബറ്റോവ് അടക്കമുള്ള സൂപ്പര്‍താരങ്ങള്‍ പന്ത് ലഭിക്കുന്നതിന് മുമ്പ് അടുത്ത നീക്കം മനസ്സില്‍ കാണാന്‍ കഴിവുള്ളവരാണ്. അതേ നിലയിലേക്ക് മറ്റ് താരങ്ങള്‍ക്കും മാറാന്‍ കഴിയണമെന്നും സികെ വിനീത് പറഞ്ഞു.