ദിമിത്താര്‍ ബെര്‍ബറ്റോവ് പരിശീലകന്‍ ഡേവിഡ് ജെയിംസിനെതിരെ രംഗത്ത്

കൊച്ചി: ഐഎസ്എല്‍ നാലാം സീസണില്‍ പ്ലേ ഓഫിലെത്താതെ കേരള ബ്ലാസ്റ്റേഴ്സ് പുറത്തായിരുന്നു. തുടര്‍ തോല്‍വികളും അനാവശ്യ സമനിലകളുമാണ് ബ്ലാസ്റ്റേഴ്സിനെ സീസണില്‍ നിന്ന് പുറത്തേക്കടിച്ചത്. പ്ലേ ഓഫ് സാധ്യത അസ്തമിച്ചതോടെ ടീമിലെ അസ്വാരസ്യങ്ങള്‍ മറനീക്കി പുറത്തുവരികയാണ്. മഞ്ഞപ്പടയുടെ മാര്‍ക്വി താരവും മുന്‍ മാഞ്ചസ്റ്റര്‍ ഇതിഹാസവുമായ ദിമിത്താര്‍ ബെര്‍ബറ്റോവ് പരിശീലകന്‍ ഡേവിഡ് ജെയിംസിനെതിരെ രംഗത്തെത്തി. 

എക്കാലത്തെയും മോശം പരിശീലകനാണ് ജെയിംസെന്ന് ബെര്‍ബ തുറന്നടിച്ചു. നാട്ടിലേക്ക് മടങ്ങുകയാണ് എന്ന് വ്യക്തമാക്കിയാണ് പേരെടുത്ത് പറയാതെയുള്ള ബെര്‍ബറ്റോവിന്‍റെ വിമര്‍ശം. സമൂഹമാധ്യമമായ ഇന്‍സ്റ്റാഗ്രാമിലാണ് ബെര്‍ബറ്റോവ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. സൂപ്പര്‍ കപ്പില്‍ ബ്ലസ്റ്റേഴ്സ് നിരയില്‍ ബള്‍ഗേറിയന്‍ ഇതിഹാസം കളിക്കില്ലെന്ന് സൂചനയുണ്ട്.

സീസണില്‍ ഒമ്പത് മത്സരങ്ങളില്‍ കളിച്ച ബെര്‍ബറ്റോവിന്‍റെ ബൂട്ടില്‍ നിന്ന് ഒരു ഗോള്‍ മാത്രമായിരുന്നു പിറന്നത്. ഐഎസ്എല്‍ പ്ലേ ഓഫിന് യോഗ്യത നേടാതെ 18 കളിയില്‍ 25 പോയിന്‍റുമായാണ് ബ്ലാസ്റ്റേഴ്സ് സീസണ്‍ അവസാനിപ്പിച്ചത്. റെനെ മ്യൂലസ്റ്റീന്‍ നാടുവിട്ട ഒഴിവില്‍ സീസണിന്‍റെ പാതിവഴിയിലാണ് ഡേവിഡ് ജെയിംസ് ടീമിന്‍റെ പരിശീലകനായി ചുമതലയേറ്റത്.

Scroll to load tweet…