ക്ലബിന്‍റെ ദയനീയ പ്രകടനത്തില്‍ മാനേജ്മെന്‍റിനും പരിശീലകന്‍ ഡേവിഡ് ജെയിംസിനും മഞ്ഞപ്പട കേരള ബ്ലാസ്റ്റേഴ്‌സ് ഫാന്‍സിന്‍റെ തുറത്ത കത്ത്. പരിശീലകന്‍ ഡേവിഡ് ജെയിംസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ആരാധകര്‍ ഉന്നയിക്കുന്നത്...

കൊച്ചി: ഐഎസ്എല്‍ അഞ്ചാം സീസണില്‍ സമനിലയും തോല്‍വിയുമായി സമനില തെറ്റിയ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ആഞ്ഞടിച്ച് മഞ്ഞപ്പട‍. ക്ലബിന്‍റെ ദയനീയ പ്രകടനത്തില്‍ മാനേജ്മെന്‍റിനും പരിശീലകന്‍ ഡേവിഡ് ജെയിംസിനും മഞ്ഞപ്പട കേരള ബ്ലാസ്റ്റേഴ്‌സ് ഫാന്‍സ് തുറത്ത കത്തെഴുതി. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഇഞ്ചുറി ടൈമില്‍ രണ്ട് ഗോള്‍ വഴങ്ങി ടീം തോറ്റമ്പിയതിന് പിന്നാലെയാണ് രൂക്ഷ വിമര്‍ശനവുമായി ബ്ലാസ്റ്റേഴ്‌സിന്‍റെ ഔദ്യോഗിക ആരാധക കൂട്ടായ്‌മ രംഗത്തെത്തിയത്.

'ശരിയായ കാര്യം ചെയ്യാന്‍ ഇനിയും വൈകിയിട്ടില്ല, ടീമിന്‍റെ ആരാധക ശബ്ദമായി മഞ്ഞപ്പട എക്കാലവുമുണ്ടാകും. എന്നാല്‍ തങ്ങള്‍ ക്ലബിനെ പിന്തുണക്കുന്നവരാണ്, ഉപഭോക്താക്കളല്ല'- മാനേജ്മെന്റിനെഴുതിയ കത്തില്‍ മഞ്ഞപ്പട കുറിച്ചു. ക്ലബിന്‍റെ മോശം പ്രകടത്തില്‍ പരിശീലകന്‍ ഡേവിഡ് ജെയിംസിനെതിരായും മഞ്ഞപ്പട അമ്പെയ്യുകയാണ്. 'പ്രിയ ഡേവിഡ്, മാനദണ്ഡങ്ങളില്ലാതെ നിങ്ങളെ സ്നേഹിച്ചിട്ടുണ്ട്. എന്നാല്‍ ആരും ക്ലബിനേക്കാള്‍ വലിയവനല്ല. താങ്കളുടെ തന്ത്രങ്ങളൊന്നും ഫലിക്കുന്നില്ലെന്നാണ് മഞ്ഞപ്പട മനസിലാക്കുന്നത്. ടീമിന്‍റെ ഗുണത്തിനായി മാറ്റം അനിവാര്യമാണെന്നും മഞ്ഞപ്പട തുറന്നെഴുതി. 

കഴിഞ്ഞ ദിവസം നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്. 90 മിനുറ്റ് പിന്നിട്ടശേഷമായിരുന്നു നോര്‍ത്ത് ഈസ്റ്റ് ഇരട്ട ഗോള്‍ നേടിയത്. ഇത് സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. എട്ട് കളിയില്‍ ഒരു ജയവും നാല് സമനിലയും മൂന്ന് തോല്‍വിയുമായി ഏഴ് പോയിന്‍റുള്ള ബ്ലാസ്റ്റേഴ്‌സ് സീസണില്‍ ഏഴാം സ്ഥാനത്താണ്.