പരിക്കേറ്റ നായകന്‍ എംഎസ് ധോണി കളിക്കാന്‍ സാധ്യത

പുനെ: പുതിയ ഹോം വേദിയില്‍ ആദ്യ മത്സരത്തിന് ഇറങ്ങുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിന് സന്തോഷ വാര്‍ത്ത. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി കളിക്കുമെന്ന് പരിശീലകന്‍ മൈക്കല്‍ ഹസി സൂചന നല്‍കി. കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തിലാണ് ബാറ്റിംഗിനിടെ ധോണിയുടെ നടുവിന് പരിക്കേറ്റത്.

തുടര്‍ന്ന് താരം പരിശീലനത്തിന് ഇറങ്ങാതിരുന്നത് ആരാധകരെ ആശങ്കയിലാഴ്ത്തിയിരുന്നു. ധോണിയുമായി സംസാരിച്ചതായും താരത്തിന്‍റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ഹസി വ്യക്തമാക്കി. നാല് ദിവസത്തെ വിശ്രമത്തിന് ശേഷം ധോണി ഇന്നലെ പരിശീലനത്തിന് ഇറങ്ങി. എന്നാല്‍ പരിക്കേറ്റ സുരേഷ് റെയ്നയുടെ കാര്യത്തില്‍ ഇപ്പോള്‍ അഭിപ്രായം പറയാനാകില്ലെന്നായിരുന്നു ഹസിയുടെ പ്രതികരണം. 

ഇരുവരും ഇന്ന് കളിച്ചേക്കും എന്ന പ്രതീക്ഷയിലാണ് ചെന്നൈ പരിശീലകന്‍. എന്നാല്‍ ധോണിക്ക് പകരം മറ്റൊരു താരത്തെ വിക്കറ്റിന് പിന്നില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നിലയുറപ്പിക്കാന്‍ സാധ്യതയുണ്ട്. എന്തായാലും ധോണിയും റെയ്‌നയും തിരിച്ചെത്തിയാല്‍ അത് ചെന്നൈ ടീമിന് കൂടുതല്‍ കരുത്താകുമെന്നുറപ്പ്. പുനെയില്‍ രാത്രി എട്ട് മണിക്കാണ് ചെന്നൈ- രാജസ്ഥാന്‍ പോരാട്ടം.