കടം വീട്ടിയാണ് കേരളം കപ്പടിച്ചത്

First Published 1, Apr 2018, 6:16 PM IST
jafar khan on santosh trophy triumph
Highlights
  • വിജയനും സത്യനുമില്ലാതെ കേരളം ഒറീസയിലേക്ക് തീവണ്ടി പിടിച്ചു. ഷറഫലി നായകന്‍, ജോപോള്‍ എന്ന കോളേജ് പയ്യനും ടീമിലുണ്ട്.

ആറാം തവണ കേരളം സന്തോഷ് ട്രോഫി നേടുമ്പോള്‍, ഇതൊരു പ്രതികാരക്കഥ കൂടിയാണ്. പശ്ചിമ ബംഗാളിനെതിരേ 1994ലെ ഒരു കടം ബാക്കിയുണ്ടായിരുന്നു. അവരുടെ കാണികളുടെ മുന്നില്‍ വച്ച് തന്നെ ആ കടം വീട്ടാന്‍ സാധിച്ചുവെന്നുള്ളത് കേരള ക്യാംപിന് ഇരട്ടി സന്തോഷം നല്‍കുന്ന വസ്തുതയാണ്. 94ലെ ഫൈനലിനെ കുറിച്ച് അധികം ആര്‍ക്കും ഓര്‍മ കാണില്ല. ആ ഓര്‍മകള്‍ പങ്കുവെക്കുകയാണ്, ജാഫര്‍ ഖാനെന്ന കളി പ്രേമി. 

എത്ര 'വലുതായാലും' പഴയ ചില ഇഷ്ടങ്ങള്‍ നമ്മെ വിട്ടുപോകില്ല. കളിയുടെ നിറവും നീറ്റലും ആദ്യം അനുഭവിച്ചത് സന്തോഷ് ട്രോഫിയില്‍ നിന്നാണ്. കുഞ്ഞുനാളിലെ അതിന്റെ കാഴ്ചകള്‍ സ്വപ്നം പോലെ കെട്ടുവിടാതെ ഇന്നും ഉള്ളില്‍ കിടന്നുപിടയുന്നു. ദൂരദര്‍ശന്റെ ദുര്‍ബലമായ സിഗ്നലുകള്‍, ഇടി വെട്ടുമ്പോള്‍ സ്‌ക്രീനില്‍ തെളിയുന്ന മിന്നായങ്ങള്‍, സത്യന്റെ ആക്രോശങ്ങള്‍, ബ്രൂണോ കുടീഞ്ഞോയുടെ നൃത്തങ്ങള്‍, അഖീല്‍ അന്‍സാരിയുടെ ബോംബറുകള്‍, തനുമയ് ബോസിന്റെ അക്രോബാറ്റിക് മായാജാലങ്ങള്‍... കുറെ മങ്ങിയ ചിത്രങ്ങള്‍.

1994- കട്ടക്ക് സന്തോഷ് ട്രോഫിയിലെത്തുമ്പോള്‍, ഓര്‍മ്മകള്‍ക്ക് ഒന്നുകൂടി തെളിച്ചമുണ്ട്. വിജയനും സത്യനുമില്ലാതെ കേരളം ഒറീസയിലേക്ക് തീവണ്ടി പിടിച്ചു. ഷറഫലി നായകന്‍, ജോപോള്‍ എന്ന കോളേജ് പയ്യനും ടീമിലുണ്ട്. സെമി ഫൈനല്‍ ഉള്‍പ്പടെ ഗോള്‍വര്‍ഷവുമായാണ് മലയാളിപ്പട കിരീടപ്പോരിന് തീയ്യതി കുറിച്ചത്.

ഫൈനലില്‍ ബംഗാള്‍. ബംഗാള്‍ എന്നങ്ങു ചുരിക്കിപ്പറയാന്‍പറ്റില്ല. ബൂട്ട് കെട്ടിയിറങ്ങിയ 11 പേരും ഇന്ത്യന്‍ ഇന്റര്നാഷനലുകള്‍. പരിശീലക സ്ഥാനത്ത് കളിയുടെ എല്ലാകടലും കണ്ട കപ്പിത്താന്‍ സയ്യിദ് നഈമുദ്ധീന്‍.

ബംഗാള്‍ ടീമിനെ വെറുതെയൊന്ന് പരിചയപ്പെട്ടുനോക്കു.. തനുമയ് ബോസ്, ഇല്യാസ് പാഷ, അലോക് ദാസ്, പ്രളോയ് സാഹ, സുബീര്‍ ഘോഷ്, ശാന്തകുമാര്‍, തുഷാര്‍ രക്ഷിത്ത്, കാള്‍ട്ടന്‍ ചാപ്മാന്‍, ഐ. എം. വിജയന്‍, ശിശിര്‍ ഘോഷ്, സഞ്ജയ് മാജി.

കട്ടക്കിലെ ബാരാബതി സ്റ്റേഡിയം ബംഗാളികളെ കൊണ്ട് നിറഞ്ഞു. മാജിയും വിജയനും തൊട്ടുനീക്കിയ പന്ത് പറന്നുതുടങ്ങി. കേരളത്തിന്റെ പ്രതിരോധം നിന്ന് വിയര്‍ക്കുന്നു. ആദ്യപകുതി അവസാനിക്കുമ്പോഴേക്ക് വിജയനും സഞ്ജയ് മാജിയും കേരളത്തിന്റെ വലയില്‍ പന്തിട്ട് കുലുക്കിയിരുന്നു.

രണ്ടാം പകുതിക്ക് എ.എം.ശ്രീധരന്റെ കുട്ടികള്‍ ഇറങ്ങുമ്പോള്‍ അവരുടെ മുഖത്ത് എന്തോ നിശ്ചയിപ്പിച്ചുറപ്പിച്ചത് പോലെ.. അവരതാ വരിവരിയായി ഗ്രൗണ്ടിലേക്ക്. രാജീവ് കുമാര്‍, ഷറഫലി, ജിജു ജേക്കബ്, ഹമീദ്, മുഹമ്മദ് സാജിത്, സുരേഷ് കുമാര്‍, അജിത് കുമാര്‍, വി.പി.ഷാജി, പാപ്പച്ചന്‍, ജോപോള്‍ അഞ്ചേരി, അഷീം.

ഷറഫും ജിജുവും കോട്ടകെട്ടുന്നു.. അജിത് കുമാറിന്റെ കാലില്‍ നിന്ന് മാന്ത്രിക പാസുകള്‍ പിറക്കാന്‍ തുടങ്ങി. വിങ്ങിലൂടെ ബിയേര്‍ഡ് അഞ്ചേരിയുടെ കുളമ്പടി. പന്ത് ഫിനിഷ് ചെയ്യാന്‍ ഷാജിയും അഷീമും പാപ്പിയും കാത്തിരിക്കുന്നു. തുളവീണ പായക്കപ്പല്‍ പോലെ ബംഗാള്‍ പ്രതിരോധം ഇളകിയാടുന്നു. ശിശിര്‍ ഘോഷിനെ ഓടിത്തോല്‍പ്പിച്ച് അഞ്ചേരിയുടെ രണ്ട് ക്രോസുകള്‍ക്ക് പാപ്പിയുടെ പിഴയറ്റ ഫിനിഷ്.

90 മിനിറ്റ് കഴിയുമ്പോള്‍ കേരളം - 2 ബംഗാള്‍ - 2

എക്സ്ട്രാ ടൈമിലും കേരളം തന്നെ കളം ഭരിക്കുന്നു. അതിനിടെ ഷാജിയുടെ കണ്ണെഞ്ചിക്കുന്ന ലോങ്ങ് റേഞ്ചര്‍ ബംഗാള്‍ പോസ്റ്റില്‍ കയറിയെങ്കിലും റഫറിയത് കണ്ടില്ല, ആ നിര്‍ഭാഗ്യം ഷൂട്ടൗട്ടില്‍ ഹമീദിന്റെ കാലിലും ഉടക്കിയപ്പോള്‍ കേരളത്തിന്റെ കിരീടമോഹവും ഹാട്രിക്ക് സ്വപ്നവും പൊലിഞ്ഞുപോയി. നീണ്ട 24 വര്‍ഷങ്ങള്‍ക്ക് ഇപ്പുറമാണ് ഫൈനലില്‍ ബംഗാള്‍ വീണ്ടും നമ്മുടെ മുന്നിലെത്തിയത്. കേരളത്തിന്റെ യുവ ടീം ആ കടം ഭംഗിയായി നിറവേറ്റി. രണ്ടു റെക്കോര്‍ഡുകളാണ് തകര്‍ന്നത്. 

1- കൊല്‍ക്കത്തയില്‍ ഒന്‍പത് തവണയാണ് സന്തോഷ് ട്രോഫി നടന്നത്, ഒന്‍പത് തവണയും കപ്പുയര്‍ത്തിയത് ബംഗാള്‍.

2- സന്തോഷ് ട്രോഫി ഫൈനലില്‍ ഒരിക്കല്‍ പോലും കേരളത്തിന് ബംഗാളിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.
 

loader