റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ മത്സരത്തില്‍ പവര്‍ പ്ലേയില്‍ വെറും 13 റണ്‍സ് മാത്രം നേടി ഡല്‍ഹി ക്യാപിറ്റല്‍സ് ഐപിഎല്ലിലെ ഏറ്റവും കുറഞ്ഞ പവര്‍ പ്ലേ സ്കോറെന്ന മോശം റെക്കോഡ് സ്വന്തമാക്കി.

ദില്ലി: ഐപിഎല്ലില്‍ നാണക്കേടിന്റെ റെക്കോഡ് സ്വന്തം അക്കൗണ്ടിലാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. പവര്‍ പ്ലേയിലെ ഏറ്റവും കുറഞ്ഞ സ്‌കോറെന്ന അനാവശ്യ റെക്കോഡാണ് ഡല്‍ഹിയുടെ പേരിലായത്. ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ മത്സരത്തില്‍ പവര്‍ പ്ലേയില്‍ 13 റണ്‍സ് മാത്രമാണ് ഡല്‍ഹിക്ക് നേടാന്‍ സാധിച്ചത്. ആറ് വിക്കറ്റുകളും അവര്‍ക്ക് നഷ്ടമായിരുന്നു. ഡല്‍ഹിയുടെ വരവോടെ രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും രക്ഷപ്പെട്ടെന്ന് പറയാം. 2009ല്‍ ആര്‍സിബിക്കെതിരെ അവര്‍ക്ക് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 14 റണ്‌സ് മാത്രമാണ് നേടാന്‍ സാധിച്ചിരുന്നത്.

രാജസ്ഥാനെതിരെ 2022ല്‍ ഹൈദരാബാദിന് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 14 റണ്‍സ് നേടാനായിരുന്നു സാധിച്ചിരുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (15/2) നാലാമത്. ഇന്ന് ഡല്‍ഹി ക്യാപ്റ്റല്‍സ് തകര്‍നപ്പോള്‍ ആര്‍സിബി ഒമ്പത് വിക്കറ്റ് ജയമാണ് സ്വന്തമാക്കിയത്. ഡല്‍ഹി, അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ ആതിഥേയയരെ 75 റണ്‍സിന് പുറത്താക്കിയ ആര്‍സിബി 6.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. ജേക്കബ് ബേതലിന്റെ (11 പന്തില്‍ 20) വിക്കറ്റ് മാത്രമാണ് ആര്‍സിബിക്ക് നഷ്ടമായത്.

ദേവ്ദത്ത് പടിക്കല്‍ (13 പന്തില്‍ 34) വിരാട് കോലി (15 പന്തില്‍ 23) എന്നിവര്‍ പുറത്താവാതെ നിന്നു. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഡല്‍ഹിയ നാല് വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹേസല്‍വുഡ്, മൂന്ന് പേരെ പുറത്താക്കിയ ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് തകര്‍ത്തത്.

16.3 ഓവറുകള്‍ മാത്രമാണ് ഡല്‍ഹി ബാറ്റ് ചെയ്തത്. നാല് ഓവര്‍ എറിഞ്ഞ സുയഷ് ശര്‍മ ഏഴ് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തി. 33 പന്തില്‍ 30 റണ്‍സെടുത്ത് അഭിഷേക് പോറലാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. ഡേവിഡ് മില്ലര്‍ (19), കെയ്ല്‍ ജാമിസണ്‍ (12) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍.

YouTube video player