ലണ്ടന്‍: ലോക അത്‍ലറ്റിക് മീറ്റ് സംഘാടകര്‍ക്കെതിരെ ആ‍ഞ്ഞടിച്ച് ജമൈക്കന്‍ റിലേ ടീം അംഗങ്ങള്‍. ഉസൈന്‍ ബോള്‍ട്ടിന്റെ വിടവാങ്ങല്‍ മത്സരം ദുരന്തമാക്കിയത് സംഘാടകരാണെന്ന് താരങ്ങള്‍ ആരോപിച്ചു. ട്രാക്കിലെ വേഗരാജാവ് ഇങ്ങനെ മടങ്ങുമെന്ന് ആരും കരുതിയിരുന്നില്ല. ഉസൈന്‍ ബോള്‍ട്ടിന്റെ സഹതാരങ്ങള്‍ പ്രത്യേകിച്ചും. ബോള്‍ട്ടിനെ സംഘാടകര്‍ ദുരന്തത്തിലേക്ക് തള്ളിയിടുക ആയിരുന്നുവെന്ന് യോഹാന്‍ ബ്ലേക് ആരോപിക്കുന്നു.

മത്സരത്തിന് മുന്‍പ് നാല്‍പത് മിനിറ്റ് തണുപ്പുനിറഞ്ഞ കോള്‍ഡ് റൂമില്‍ പിടിച്ചിരുത്തിയതാണ് ബോള്‍ട്ടിന് പരുക്ക് പറ്റാന്‍ കാരണമെന്ന് ബ്ലേക് തുറന്നടിച്ചു. രണ്ട് മെഡല്‍ദാന ചടങ്ങിനായാണ് താരങ്ങളെ കോള്‍ഡ് റൂമില്‍ പിടിച്ചിരുത്തിയത്. ഇതോടെ വാം അപ്പ് ചെയ്തെത്തിയ താരങ്ങളുടെ ശരീരം തണുത്തു. സംഘാടകരുടെ പിടിപ്പുകേടിനെക്കുറിച്ച്
അപ്പോള്‍തന്നെ ബോള്‍ട്ട് പറഞ്ഞിരുന്നുവെന്നും ബ്ലേക് പറയുന്നു. മത്സരത്തില്‍ ബ്ലേക് ബാറ്റണ്‍ കൈമാറുമ്പോള്‍ ബോള്‍ട്ട് മൂന്നാം സ്ഥാനത്തായിരുന്നു.

പതിവുപോലെ അന്‍പത് മീറ്റര്‍ പിന്നിടുമ്പോള്‍ ബോള്‍ട്ട് കുതിച്ചെത്തുമെന്ന് കരുതവേയാണ് പരുക്കേറ്റ് ട്രാക്കില്‍ വീണത്. താരങ്ങളില്‍ താരവും ഇതിഹാസങ്ങളില്‍ ഇതിഹാസവുമായ ബോള്‍ട്ടിനെ സംഘാടകള്‍ അപമാനിക്കുകയായിരുന്നുവെന്നും ബ്ലേക് ആരോപിക്കുന്നു.