മെല്‍ബണ്‍: ബോക്സിംഗ് ഡേ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് പേസര്‍ ജിമ്മി ആന്‍ഡേഴ്‌സണ് ചരിത്ര നേട്ടം. കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ഫാസ്റ്റ് ബൗളറെന്ന റെക്കോര്‍ഡ് ജിമ്മി സ്വന്തമാക്കി. 132 മത്സരങ്ങള്‍ കളിച്ച വെസ്റ്റിന്‍ഡീസ് ഇതിഹാസ താരം കോട്നി വാല്‍ഷിന്‍റെ റെക്കോര്‍ഡാണ് മറികടന്നത്. 2003ല്‍ അരങ്ങേറ്റം കുറിച്ച ജിമ്മി ആന്‍ഡേഴ്സണ്‍ 133-ാം ടെസ്റ്റാണ് മെല്‍ബണില്‍ ഓസീസിനെതിരെ കളിക്കുന്നത്. എന്നാല്‍ 519 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടയില്‍ ഇരുവരും ഒപ്പത്തിനൊപ്പമാണ്.
563 വിക്കറ്റുകള്‍ നേടിയിട്ടുള്ള ഓസീസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്താണ് പേസ് ബൗളര്‍മാരില്‍ വിക്കറ്റ് വേട്ടയില്‍ മുന്നില്‍. ഒരു വിക്കറ്റ് നേടി കോട്നി വാല്‍ഷിനെ മറികടന്നാല്‍ മഗ്രാത്ത് മാത്രമാകും പേസര്‍മാരില്‍ ജിമ്മിക്ക് വെല്ലുവിളിയാകൂ. 800 വിക്കറ്റുകള്‍ പിഴുത ശ്രീലങ്കന്‍ സ്‌പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനാണ് ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്ത്. 133 മത്സരങ്ങളില്‍ നിന്നാണ് മുരളീധരന്‍ 800 വിക്കറ്റുകള്‍ വീഴ്ത്തിയത്.
708 വിക്കറ്റുകളുമായി ഷെയ്ന്‍ വോണും 619 വിക്കറ്റ് വീഴ്ത്തിയ അനില്‍ കുംബ്ലയുമാണ് രണ്ടും മൂന്നാം സ്ഥാനങ്ങളില്‍. മഗ്രാത്ത് നാലാം സ്ഥാനത്തും കോട്നി വാല്‍ഷ് അഞ്ചാം സ്ഥാനത്തുമാണ്. ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഒരു വിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട് ആന്‍ഡേഴ്സണ്‍. അതേസമയം വാല്‍ഷ് 205 ഏകദിനത്തില്‍ 227 വിക്കറ്റുകളും 194 മത്സരങ്ങളില്‍ നിന്ന് ആന്‍ഡേഴ്സണ്‍ 267 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.
