ഓവല്‍ ടെസ്റ്റിനുശേഷം അലിസ്റ്റര്‍ കുക്കിനെ കുറിച്ചുള്ള ചോദ്യത്തിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍. ഇതിഹാസ താരമായ കുക്കിന്‍റെ അവസാന അന്താരാഷ്ട്ര മത്സരമായിരുന്നു ഓവലിലേത്. 

ഓവല്‍: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മുന്‍ ഇംഗ്ലീഷ് നായകന്‍ അലിസ്റ്റര്‍ കുക്കിന് ക്രിക്കറ്റ് ലോകം അര്‍ഹമായ യാത്രയപ്പാണ് നല്‍കിയത്. ഗാര്‍ഡ് ഓഫ് ഓണറോടെ തുടങ്ങിയ ഓവല്‍ ടെസ്റ്റിന് ശേഷം ആരാധകരും താരങ്ങളും കയ്യടികളോടെ ഇതിഹാസ താരത്തെ യാത്രയാക്കി. കരിയറിലെ അവസാന ടെസ്റ്റില്‍ ഇന്ത്യക്കെതിരെ സെഞ്ചുറിയും ജയവുമായാണ് കുക്ക് പാഡഴിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

കുക്കിന്‍റെ വിടവാങ്ങല്‍ ക്രിക്കറ്റില്‍ സൃഷ്ടിക്കുന്ന വിടവ് വ്യക്തമാക്കുന്നതായി പിന്നീടുള്ള രംഗങ്ങള്‍. ഇംഗ്ലീഷ് ആരാധകരുടെ കണ്ണീര്‍മഴയ്ക്കിടയില്‍ ദീര്‍ഘകാലം ഒന്നിച്ചുകളിച്ച സഹതാരം ജെയിംസ് ആന്‍ഡേഴ്‌സനാണ് കൂടുതല്‍ വികാരരഭരിതനായത്. മത്സരശേഷം സ്‌കൈ സ്‌പോര്‍ട്‌സുമായി സംസാരിക്കവെ ജിമ്മിക്ക് തൊണ്ടയിടറി. കുക്കിനെ ഇനി മിസ് ചെയ്യുമോ എന്നായിരുന്നു അവതാരകന്‍റെ ചോദ്യം. 'തീര്‍ച്ചയായും കുക്കിനെ ഞാന്‍ മിസ് ചെയ്യും. അദേഹം എന്‍റെ ഉറ്റ സുഹൃത്താണ്'... ചിരിച്ചുകൊണ്ട് പറഞ്ഞുതുടങ്ങിയ ജിമ്മിക്ക് എന്നാല്‍ അധികനേരം പിടിച്ചുനില്‍ക്കാനായില്ല. ജിമ്മി കരഞ്ഞുതുടങ്ങിയപ്പോള്‍ അവതാരകന്‍ അദേഹത്തെ മടക്കി അയയ്ക്കുകയായിരുന്നു. 

ഓവല്‍ സെഞ്ചുറിയോടെ ടെസ്റ്റ് ക്രിക്കറ്റിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാരയെ മറികടന്ന് കുക്ക് അഞ്ചാമനായി മാറിയപ്പോള്‍ മറ്റൊരു ചരിത്ര നേട്ടം കുറിക്കാന്‍ ആന്‍ഡേഴ്‌സണായി. ഓസീസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്തിനെ മറികടന്ന് ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ വിക്കറ്റ് നേടിയ പേസര്‍ എന്ന നേട്ടം ജിമ്മി സ്വന്തമാക്കി. ഇനി ജിമ്മിക്ക് മുന്നില്‍ മൂന്ന് സ്‌പിന്നര്‍മാര്‍ മാത്രമാണുള്ളത്. 

jimmy from abdul bytedance on Vimeo.