ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടി20യില്‍ തോറ്റതിന് പിന്നാലെ ഇംഗണ്ട് ക്രിക്കറ്റ് ടീമിലെ ഒരംഗത്തിന് നാണക്കേടിന്റെ റെക്കോര്‍ഡും. ഇംഗ്ലീഷ് താരം ജേസന്‍ റോയ് ട്വന്റി20യില്‍ ഫീല്‍ഡറെ തടസപ്പെടുത്തിയതിന് പുറത്താകുന്ന ആദ്യ താരമെന്ന റെക്കോര്‍ഡിന് ഉടമയായത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 175 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് വേണ്ടി ഓപ്പണറായി ഇറങ്ങിയ ജേസന്‍ റോയ് ഗംഭീര പ്രകടനമാണ് നടത്തിയത്. 45 പന്തില്‍ 67 റണ്‍സെടുത്തു നില്‍ക്കെയാണ് നാണംകെട്ട രീതിയില്‍ റോയ് പുറത്തായത്. നോണ്‍ സ്‌ട്രൈക്ക് എന്‍ഡില്‍ നില്‍ക്കുകയായിരുന്ന റോയ്, ഫീല്‍ഡര്‍ എറിഞ്ഞ ത്രോ തടുത്തിട്ടതിനെ തുടര്‍ന്നാണ് ദക്ഷിണാഫ്രിക്കന്‍ കളിക്കാര്‍ ഒബ്‌സ്‌ട്രക്‌ടിങ് ദ ഫീല്‍ഡര്‍ ഔട്ടിനായി അപ്പീല്‍ ചെയ്‌തത്. അംപയര്‍ ഔട്ട് അനുവദിക്കുകയും ചെയ്തു. ഇതോടെയാണ് ടി20യില്‍ ഇത്തരത്തില്‍ പുറത്താകുന്ന ആദ്യ താരമെന്ന നാണംകെട്ട താരമെന്ന റെക്കോര്‍ഡ് റോയിയുടെ തലയിലായത്. ഈ റെക്കോര്‍ഡ് എക്കാലവും റോയ് തന്നെ ചുമക്കേണ്ടിവരും. ഈ മല്‍സരത്തില്‍ മൂന്ന് റണ്‍സിന് ജയിച്ച ദക്ഷിണാഫ്രിക്ക പരമ്പരയില്‍ ഒപ്പമെത്തി(1-1). ആദ്യ കളിയില്‍ ഇംഗ്ലണ്ടാണ് ജയിച്ചത്.