ചെന്നൈ: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ജയന്ത് യാദവ് ഒന്‍പതാമനായിറങ്ങി സെഞ്ച്വറി നേടിയത് മുത്തശ്ശിയുടെ മരണ വിവരം അറിയാതെ.ജയന്തിന്റെ വീരോചിത ഇന്നിംഗ്സിനിടെ മരണ വിവരമറിഞ്ഞ അച്ഛന്‍ ജയന്തിനെ വിവരമറിയിക്കാതെ ഗാലറി വിടുകയായിരുന്നു. രണ്ടാം ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച ജയന്ത് യാദവ് നാലാം ടെസ്റ്റില്‍ ഒന്‍പതാമനായിറങ്ങി സെഞ്ച്വറി നേടിയാണ് ഏവരേയും ഞെട്ടിച്ചത്.
നിര്‍ണ്ണായക ഘട്ടത്തില്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിക്കൊപ്പം പത്താം വിക്കറ്റില്‍ 241 റണ്‍സന്റെ കൂട്ടുകെട്ടും ജയന്ത് നേടി. കരിയറിലെ ഏറ്റവും മികച്ച നേട്ടത്തിലൂടെ ജയന്ത് കടന്നുപോയത് ജീവിതത്തിലെ ദുഖകരമായ വാര്‍ത്തകളിലൊന്ന് അറിയാതെയായിരുന്നു.കൊഹ്‌ലിക്കൊപ്പം മികച്ച ഇന്നിംഗ് കെട്ടിപ്പടുക്കുന്നതിനിടെ ജയന്ത് തന്റെ മുത്തശ്ശി ലോകത്തോട് വിട പറഞ്ഞത് അറിഞ്ഞതേയില്ല. ഗാലറിയില്‍ മകന്റെ കളികണ്ടു കൊണ്ടിരുന്ന അച്ഛന്‍ ജയ്സിംഗ് യാദവ് മകനെ വിവരമറിയിക്കാതെ ഗാലറി വിടുകയായിരുന്നു.
മത്സരത്തിനു ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴും ജയന്ത് വിവരമറിഞ്ഞിരുന്നില്ല. ജീവിതത്തില്‍ ദുരന്ത വാര്‍ത്തകള്‍ ജയന്തിന് പുതുമയല്ല.17 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് അമ്മ ലക്ഷമി ഒരു വിമാനാപകടത്തില്‍ മരിക്കുന്നത്. പിന്നീട് രണ്ടാനമ്മ ജ്യോതി യാദവിന്റെ സംരക്ഷണത്തിലാണ് ജയന്ത് വളര്‍ന്നത്. മകന് ക്രിക്കറ്റിനോടുള്ള അഭിനിവേശം തിരിച്ചറിഞ്ഞ ജ്യോതി അവനെ അവന്റെ വഴിയില്‍ നയിച്ച് വിജയത്തിലെത്തിക്കുകയായിരുന്നു.
വിശാഖപട്ടണത്ത ന്യൂസിലന്റിനെതിരായ ഏകദിന മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ ജേഴ്‌സിക്ക് പിറകില്‍ അമ്മയുടെ പേരെഴുതിയാണ് കളിക്കനിറങ്ങിയത്. അന്ന് ആരുടെ പേരെഴുതണമെന്ന കുഴപ്പത്തിലായിന്നു താനെന്ന് ജയന്ത് പിന്നീട് പറഞ്ഞിരുന്നു. അമ്മ ലക്ഷ്മിയുടെ പേരാണ് ജയന്ത് അന്ന് ജഴ്‌സിയില്‍ വച്ചത്.
