പേരാവൂര്‍: മക്കളെ മാത്രമല്ല, ഒരു നാടിനെയാകെ വോളിബോളിനൊപ്പം ചേർത്തുനിർത്തിയ വ്യക്തിയായിരുന്നു അന്തരിച്ച വോളിബോൾ ഇതിഹാസം ജിമ്മി ജോർജ്ജിന്‍റെ അച്ഛൻ ജോർജ് ജോസഫ്. അദ്ദേഹത്തിന്‍റെ വേർപാടിന്‍റെ ദുഃഖത്തിലാണ് കണ്ണൂർ പേരാവൂരിലെ തൊണ്ടിയിൽ ഗ്രാമം.
അന്തരിച്ച വോളിബോൾ ഇതിഹാസം ജിമ്മി ജോർജ്, കായികതാരങ്ങളായ റോബർട്ട് ബോബി ജോർജ്ജ്, മരുമകൾ അഞ്ജുബോബി ജോർജ്ജ്. മക്കളും മരുമക്കളമടക്കം കായികരംഗത്ത് ഉയരങ്ങളിലെത്തിയ കുടുംബത്തിലെ നീണ്ടനിര. വോളിബോളിനെയും മക്കളെയും ഒരുപോലെ സ്നേഹിച്ച ജോർജ് ജോസഫ് ഒരു ഗ്രാമത്തെയാകെ വോളിബോളിനൊപ്പം നിർത്തി. അഭിഭാഷകരംഗത്തും പൊതുപ്രവർത്തനത്തിലും ശ്രദ്ധേയനായി.
നിയമവിദ്യാർത്ഥിയായിരിക്കെ മദ്രാസ് സർവകലാശാല വോളിബോൾ ടീമിൽ മികച്ച താരമായിരുന്നു. പിന്നീട് നാട്ടിലെത്തി അഭിഭാഷകവൃത്തിയിൽ സജീവമായപ്പോഴും വോളിബോളിനെ നെഞ്ചോടുചേർത്തായിരുന്നു യാത്ര. വർഷങ്ങൾക്ക് മുന്‍പ് നാട്ടുകാർ വോളിബോൾ കളിച്ചിരുന്ന സ്ഥലം നഷ്ടാമായപ്പോൾ സ്വന്തം സ്ഥലം ഗ്രൗണ്ടിനായി വിട്ടുനൽകിയ ജോർജ് ജോസഫിനെ കായികപ്രേമികൾ ഇന്നും ഓർക്കുന്നു.
മെഡിക്കൽ വിദ്യാഭ്യാസം ഉപേക്ഷിച്ച് വോളിബോളിൽ സജീവമാകാൻ ജിമ്മി ജോർജ് തീരുമാനമെടുത്തപ്പോൾ എല്ലാ പ്രോത്സാഹനവും നൽകി അദ്ദേഹം കൂടെനിന്നു. മകന്‍റെ വേർപാടിൽ തകർന്നെങ്കിലും അവസാനകാലം വരെയും കർമ്മമണ്ഡലത്തിൽ സജീവമായിരുന്നു ജോർജ് ജോസഫ്. വെള്ളിയാഴ്ച പേരാവൂർ സെന്‍റ് ജോസഫ്സ് ഫൊറോന പള്ളിയിലാണ് അദ്ദേഹത്തിന്‍റെ സംസ്കാര ചടങ്ങുകൾ നടക്കുക.
ഏഷ്യാനെറ്റ് ന്യൂസ് യാത്രയില്‍ ജിമ്മിയുടെ ഓര്‍മ്മകളുമായി ജോർജ് ജോസഫ്

