തകര്‍ത്തത് 42 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്

ഗുവാഹത്തി: ദേശീയ സീനിയര്‍ അത്‍ലറ്റിക്സ് മീറ്റില്‍ മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ് റെക്കോര്‍ഡ് നേട്ടം. 800 മീറ്ററില്‍ ശ്രീറാം സിംഗിന്‍റെ പേരിലുണ്ടായിരുന്ന 42 വര്‍ഷം പഴക്കമുള്ള നേട്ടമാണ് ജിന്‍സണ്‍ തിരുത്തിക്കുറിച്ചത്. ഇരുപത്തിയേഴുകാരനായ ജിന്‍സണ്‍ ഒരു മിനിറ്റ് 45.65 സെക്കന്‍ഡിലാണ് 800 മീറ്റര്‍ ഫിനിഷ് ചെയ്തത്. ഒരു മിനിറ്റ് 45.77 സെക്കന്‍ഡ് ആയിരുന്നു ശ്രീറാമിന്‍റെ റെക്കോര്‍ഡ്. ഇതോടെ ഏഷ്യന്‍ ഗെയിംസിനുള്ള യോഗ്യതയും ജിന്‍സണ്‍ നേടി. ഒരു മിനിറ്റ് 47.50 സെക്കന്‍റായിരുന്നു ഏഷ്യന്‍ ഗെയിംസിനുള്ള യോഗ്യതയ്ക്ക് വേണ്ട വേഗം. 

"ഫിറ്റ്നസിന്‍റെ കാര്യത്തില്‍ ഏറെക്കാലമായി ശ്രദ്ധയുണ്ടായിരുന്നു. മീറ്റില്‍ സാഹചര്യങ്ങളും അനുകൂലമായിരുന്നു. മത്സരത്തിന് മുന്‍പ് സ്വര്‍ണ്ണ നേട്ടത്തെക്കുറിച്ചല്ല ആലോചിച്ചിരുന്നത്. മറിച്ച് ദേശീയ റെക്കോര്‍ഡ് മറികടക്കണമെന്നായിരുന്നു എനിക്ക്." മത്സരശേഷം ജിന്‍സണ്‍ മാധ്യമങ്ങളോട് പറഞ്ഞു