ബംഗളുരു ടെസ്റ്റിലെ ഇന്ത്യന്‍ ജയത്തിന് അടിത്തറ പാകിയത് കെ എല്‍ രാഹുലിന്റെ ഇന്നിംഗ്സുകളായിരുന്നു. ഇരു ഇന്നിംഗ്സുകളിലും അര്‍ദ്ധസെഞ്ച്വറി നേടിയ രാഹുലിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടത്, മറ്റു മുന്‍നിര ബാറ്റ്‌സ്‌മാന്‍മാര്‍ പരാജയപ്പെട്ടതോടെയാണ്. ആദ്യ ഇന്നിംഗ്സില്‍ ലിയോണിന് മുന്നില്‍ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്‍മാര്‍ തകര്‍ന്നടിഞ്ഞപ്പോള്‍ രാഹുല്‍ നയിച്ച ഒറ്റയാള്‍ പോരാട്ടം ഇല്ലായിരുന്നുവെങ്കില്‍ ഇന്ത്യ ജയിക്കില്ലായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു നേട്ടം കൈവരിച്ചുകൊണ്ടാണ് കെ എല്‍ രാഹുല്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍നിന്ന് തിരിച്ചുവരുന്നത്. കുറച്ചു ഇന്നിംഗ്സുകളില്‍ 1000 റണ്‍സ് തികയ്‌ക്കുന്ന നാലാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്‍ എന്ന നേട്ടമാണ് രാഹുല്‍ കൈവരിച്ചത്. 23 ഇന്നിംഗ്സുകളില്‍നിന്നാണ് രാഹുല്‍ 1000 റണ്‍സ് തികച്ചത്. ഇക്കാര്യത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും വിരാട് കോലിയെയും മറികടക്കാന്‍ ഈ യുവതാരത്തിനായി. സുനില്‍ ഗാവസ്‌ക്കറും രവി ശാസ്‌ത്രിയുമാണ് രാഹുലിന് മുന്നിലുള്ളത്. ഇരുവരും 20 ഇന്നിംഗ്സുകളില്‍നിന്നാണ് 1000 റണ്‍സ് തികച്ചത്. വീരേന്ദര്‍ സെവാഗും 23 ഇന്നിംഗ്സുകളിലാണ് 1000 റണ്‍സ് തികച്ചത്.