മുംബൈ: ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി-20യിലും റൺ പ്രവഹിക്കുന്ന വിരാട് കൊഹ്‌ലിക്ക് മറ്റൊരു സൂപ്പർ ആരാധകൻ കൂടി. ഇന്ത്യകണ്ട എക്കാലത്തേയും മികച്ച
ഓൾറൗണ്ടറായ സാക്ഷാൽ കപിൽദേവ് ആണ് കൊഹ്‌ലിയുടെ പുതിയ ആരാധകന്‍. ക്രിക്കറ്റിൽ താൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച ബാറ്റ്സ്മാൻ വിരാട് കൊഹ്‌ലി ആണെന്ന് മുൻ ക്യാപ്റ്റൻ പറഞ്ഞു. ഓസീസ് ബാറ്റിംഗ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്‍ ഇപ്പോള്‍ കളിക്കുകയാണെങ്കില്‍ അത് കൊഹ്‌ലിയുടെ പ്രകടനത്തിന് സമാനമായിരിക്കും. കൊഹ്‌ലിയുടെ ശാരീരികക്ഷമത ആരെയും അത്ഭുതപ്പെടുത്തുന്നത് ആണെന്നും കപിൽ പറഞ്ഞു.

സച്ചിൻ ടെൻ‍ഡുൽക്കറുടെയും വിവിയൻ റിച്ചാർഡ്സിന്റെയും മികവ് സമ്മേളിച്ച ബാറ്റ്സ്മാനാണ് കൊഹ്‌ലിയെന്നും കപിൽ പറഞ്ഞു. സമകാലിന ക്രിക്കറ്റിൽ കൊഹ്‌ലിക്കൊപ്പം നിൽക്കുന്ന മറ്റൊരു ബാറ്റ്സ്മാനില്ല. വളർന്നുവരുന്ന താരങ്ങൾക്ക് ഉത്തമ മാതൃകയാണ് ഇന്ത്യൻ നായകൻ. കൊഹ്‌ലിയുടെ നേതൃപാടവം ഇന്ത്യൻ ക്രിക്കറ്റിനെ വലിയ നേട്ടങ്ങളിലേക്ക് നയിക്കുമെന്നും കപിൽ ദേവ് പറഞ്ഞു.

തുടര്‍ച്ചയായ നാല് ടെസ്റ്റ് പരമ്പരകളില്‍ നാല് ഡബിള്‍ സെഞ്ചുറി അടിച്ച കൊഹ്‌ലി ഓസ്ട്രേലിയക്കെതിരെ ട്രിപ്പിള്‍ അടിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും കപില്‍ പറഞ്ഞു. ബംഗ്ലാദേശിനെതിരെതന്നെ കൊഹ്‌ലി ട്രിപ്പിള്‍ നേടേണ്ടതായിരുന്നു. വ്യക്തിപരമായി പറഞ്ഞാല്‍ ഓസീസ് കടുത്ത എതിരാളികളാണെന്നാണ് എനിക്ക് തോന്നുന്നതെങ്കിലും കൊഹ്‌ലിയുടെ വാക്കുകള്‍ കടമെടുത്ത് പറയുകയാണെങ്കില്‍ ഇംഗ്ലണ്ടിനേക്കാള്‍ വലിയ വെല്ലുവിളി ഉയര്‍ത്താന്‍ ഓസ്ട്രേലിയക്കാവില്ലെന്നും കപില്‍ പറഞ്ഞു. എന്റെ നിലപാട് തെറ്റാണെന്നും കൊഹ്‌‌ലിയുടേതാവും ശരിയെന്നുമാണ് തനിക്ക് തോന്നുന്നതെന്നും കപില്‍ പറഞ്ഞു.