ഫൈനലില്‍ ഇന്ത്യക്കെതിരെ സിക്സര്‍  അടിച്ച്  പാകിസ്ഥാനെ ജയത്തിലെത്തിച്ച മിയാന്‍ദാദിന് സമാനമായ  പ്രകടനമായിരുന്നു കാര്‍ത്തിക്കിന്‍റെത്

കൊളംബോ: 1986ലെ ഷാര്‍ജാ കപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ സിക്സര്‍ അടിച്ച് പാകിസ്ഥാനെ ജയത്തിലെത്തിച്ച മിയാന്‍ദാദിന് സമാനമായ പ്രകടനമായിരുന്നു കാര്‍ത്തിക്കിന്‍റെത്. ധോണിയുടെ പിന്‍ഗാമിയാകാനുള്ള മത്സരത്തിൽ, മറ്റ് വിക്കറ്റ് കീപ്പര്‍മാരെ തത്ക്കാലത്തേക്കെങ്കിലും, പിന്നിലാക്കാനും കാര്‍ത്തിക്കിന് കഴിഞ്ഞു. 

എം എസ് ധോണിക്കും മുന്‍പേ രാജ്യാന്തര ക്രിക്കറ്റിൽ എത്തിയതാണ് ദിനേശ് കാര്‍ത്തിക്ക്. എന്നാൽ 2007ലെ ലോക ട്വന്‍റി 20യിൽ കാര്‍ത്തിക്ക് അടങ്ങിയ ടീമിനെ ധോണി ചാംപ്യന്മാരാക്കിയതോടെ ഡികെ രണ്ടാം നിരയിലേക്ക് വീണു. 

ഐപിഎല്ലിലടക്കം പലപ്പോഴും തിളങ്ങിയെങ്കിലും നീലക്കുപ്പായത്തിൽ ധോണിയുടെ നിഴലിലൊതുങ്ങിയ കാര്‍ത്തിക്കിന് ,32ആം വയസ്സില്‍ ശക്തമായ രണ്ടാം വരവിന് കളമൊരുക്കുകയാണ് കൊളംബോയിലെ ഈ അവിശ്വസനീയ സിക്സര്‍.തത്ക്കാലം വിക്കറ്റിന് പിന്നിൽ ധോണി തുടര്‍ന്നാലും അന്തിമ ഇലവനിലെ ഫിനിഷറുടെ റോളിൽ ഇനി കാര്‍ത്തിക്കിനെയും പരിഗണിക്കേണ്ടിവരും.

2019ലെ ലോകകപ്പിന് ശേഷം ധോണി വിരമിച്ചാൽ വിക്കറ്റിന് മുന്നിലും പിന്നിലും സ്ഥിര സാന്നിധ്യവുമായേക്കാം. ഇനി വരാനുള്ളത് ഐപിഎൽ. കൊളംബോയിൽ നിന്ന് കൊൽക്കത്തയിലേക്ക്. ഗ്ലാമര്‍ ടീമുകളിലൊന്നായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ നായപദവിയിലെ അരങ്ങേറ്റത്തിലും കാര്‍ത്തിക്ക് കസറുമെന്ന് തന്നെ വിശ്വസിക്കാം.