ചെന്നൈ: ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ മലയാളി താരം കരുണ്‍ നായര്‍ക്ക് ഇരട്ട സെഞ്ച്വറി. കരുണിന്റെ ഇരട്ട സെഞ്ച്വറിയുടെ മികവില്‍ ഇന്ത്യ മികച്ച ലീഡ് നേടി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ചിന് 600 എന്ന നിലയിലാണ് ഇന്ത്യ. ഇപ്പോള്‍ ഇന്ത്യയ്‌ക്ക് 123 റണ്‍സിന്റെ ലീഡായി.

നാലിന് 391 എന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗ് തുര്‍ന്ന ഇന്ത്യന്‍ ഇന്നിംഗ്സിലെ പ്രധാന സവിശേഷത കരുണിന്റെ സെഞ്ച്വറിയായിരുന്നു. ലഞ്ചിന് മുമ്പ് കരിയറിലെ ആദ്യ ടെസ്റ്റ് സെഞ്ച്വറി തികച്ച കരുണ്‍ നായര്‍, ചായയ്‌ക്കുശേഷമാണ് ഇരട്ട സെഞ്ച്വറി തികച്ചത്. 306 പന്തില്‍ ഇരട്ടസെഞ്ച്വറി തികച്ച കരുണ്‍ നായരുടെ ഇന്നിംഗ്സിന് മാറ്റേകി 22 ബൗണ്ടറികളും ഒരു സിക്‌സറുമുണ്ടായിരുന്നു. 207 റണ്‍സെടുത്ത കരുണ്‍ നായര്‍ക്കൊപ്പം 60 റണ്‍സെടുത്ത ആര്‍ അശ്വിനും ക്രീസിലുണ്ട്. അശ്വിനും കരുണ്‍ നായരും കൂടി ആറാം വിക്കറ്റില്‍ 165 റണ്‍സാണ് കൂട്ടിച്ചേര്‍ത്തിട്ടുള്ളത്. നേരത്തെ മുരളി വിജയ്‌ക്കൊപ്പം ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 63 റണ്‍സ് കൂട്ടിച്ചേര്‍ക്കാനും കരുണിന് സാധിച്ചു. 29 റണ്‍സെടുത്ത മുരളിയെ ഡോസണ്‍ വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു.

199 റണ്‍സെടുത്ത കെ എല്‍ രാഹുലിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിന്റെ കൂറ്റന്‍ സ്‌കോറിനെതിരെ പൊരുതാന്‍ ഇന്ത്യയ്‌ക്ക് മികച്ച തുടക്കം നല്‍കിയത്. മൊയിന്‍ അലിയുടെ സെഞ്ച്വറിയുടെ മികവില്‍ ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സില്‍ 477 റണ്‍സാണ് നേടിയത്.

അഞ്ചു മല്‍സരങ്ങളുടെ പരമ്പര 3-0ന് ഇന്ത്യ നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു.