ട്രിപ്പിള്‍ സെഞ്ച്വറി നേടിയതിന് തൊട്ടടുത്ത ടെസ്റ്റില്‍ നിന്ന് കരുണ്‍നായരെ ഒഴിവാക്കിയത് അനീതിയായെന്ന ആക്ഷേപങ്ങള്‍ക്കിടെയാണ് മലയാളി താരത്തിന്റെ കുടുംബം നിലപാട് വ്യക്തമാക്കിയത്. രണ്ടു വര്‍ഷത്തോളമായി മികച്ച പ്രകടനം നടത്തുന്ന സീനിയര്‍ ബാറ്റ്‌സ്‌മാനായ അജിന്‍ക്യ രഹാനെ ഇന്ത്യന്‍ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നുണ്ടെന്ന് കരുണിന്റെ അച്ഛന്‍ കലാധരന്‍ നായര്‍ പറഞ്ഞു. രഹാനെക്ക് അവസരം ലഭിക്കുമെന്ന് കരുണിന് അറിയാമായിരുന്നു. ഉത്തമബോധ്യത്തോടെ ടീം മാനേജ്‌മെന്റ് കൈക്കോണ്ട നടപടിയെ യാഥാര്‍ത്ഥ്യബോധത്തോടെ ഉള്‍ക്കൊള്ളാന്‍ കരുണിന് കഴിയുമെന്നും അച്ഛന്‍ പറഞ്ഞു. ടീമില്‍ നിന്ന് തഴഞ്ഞത് കരുണിന്റെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടില്ലെന്ന് പറഞ്ഞ കലാധരന്‍ നായര്‍, ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ മലയാളി താരത്തിന് അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അഭിപ്രായപ്പെട്ടു.
കരുണിന് പകരം ഹൈദരാബാദില്‍ കളിക്കാനവസരം കിട്ടിയ രഹാനെ കോലിക്കൊപ്പം ഇരട്ടസെഞ്ച്വറി കൂട്ടുകെട്ട് ഉയര്‍ത്തുകയും 82 റണ്‍സ് നേടുകയും ചെയ്തിരുന്നു.
