ചെന്നൈ: ഇംഗ്ലണ്ടിനെതിരെ ട്രിപ്പിള്‍ സെഞ്ചുറി നേട്ടത്തിനുശേഷം രവി ശാസ്ത്രിയോട് സംസാരിച്ച കരുണ്‍ നായര്‍ പറഞ്ഞത് മരണത്തെ മുഖാമുഖം കണ്ട ആ നിമിഷത്തെക്കുറിച്ചായിരുന്നു. ഈ വര്‍ഷം ജൂലായില്‍ കേരളത്തിലെത്തിയെപ്പോഴായിരുന്നു കരുണ്‍ മരണമുഖത്തെത്തിയത്. ആറന്മുള ക്ഷേത്രത്തില്‍ വള്ളസദ്യ കഴിഞ്ഞ് തിരികെ പോകുമ്പോഴായിരുന്നു അപകടം.

കരുൺ നായർക്കുവേണ്ടി വള്ളസദ്യ നടത്താനെത്തിയ കീഴ്ച്ചേരിമേൽ പള്ളിയോടമാണു മറിഞ്ഞത്. എന്നാൽ ഉടന്‍ ബോട്ട് എത്തി കരുൺ നായരെ കരയ്ക്കു കയറ്റി. സംഭവത്തില്‍ പള്ളിയോടത്തിലുണ്ടായിരുന്ന രണ്ട് യുവാക്കളെ കാണാതാകുകയും ചെയ്തു. ഈ സംഭവത്തെക്കുറിച്ചായിരുന്നു ട്രിപ്പിള്‍ അടിച്ച ശേഷം കരുണിനോട് രവിശാസ്ത്രി ചോദിച്ചത്.

അതിനെക്കുറിച്ച് കരുണ്‍ പറഞ്ഞത് ഇങ്ങനൊയയിരുന്നു. എനിക്ക് നീന്തല്‍ അറിയില്ലായിരുന്നു. അവിടെയുണ്ടായിരുന്ന ആളുകളാണ് എന്നെ രക്ഷിച്ചത്. ഭാഗ്യം കൊണ്ടാണ് ജീവന്‍ തിരിച്ചുകിട്ടിയത്. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്സാണ് ഇന്ന് കളിച്ചതെന്നും കരുണ്‍ മത്സരശേഷം പറഞ്ഞു.

തന്റെ ട്രിപ്പിള്‍ നേട്ടത്തിന് എല്ലാവിധ പിന്തുണയും നല്‍കിയ കെഎല്‍ രാഹുലിനും അശ്വിനും ജഡേജയ്ക്കും നന്ദി പറയുന്നുവെന്നും കരുണ്‍ നായര്‍ പറഞ്ഞു. ആദ്യ സെഞ്ചുറി എപ്പോഴും സമ്മര്‍ദ്ദമാണ്. സെഞ്ചുറി നേടിക്കഴിഞ്ഞപ്പോള്‍ സമ്മര്‍ദ്ദം ഒഴിഞ്ഞു. അതിനുശേഷം സമ്മര്‍ദ്ദമില്ലാതെ കളിക്കാനായെന്നും കരുണ്‍ പറഞ്ഞു.