തിരുവനന്തപുരം: മഴമൂലം വൈകിത്തുടങ്ങിയ കാര്യവട്ടത്തെ ഇന്ത്യാ-ന്യൂസിലന്‍ഡ് മൂന്നാം ട്വന്റി-20 മത്സരത്തില്‍ ഇരു ടീമുകളുടെയും ദേശീയഗാനം ആലപിക്കാതിരുന്നതിന് പിന്നില്‍ കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ(കെസിഎ) വീഴ്ച. മഴ കാരണം മത്സരം വൈകിയതിനാലാണ് ദേശീയഗാനം ആലപിക്കാതിരുന്നത് കരുതിയ ആരാധകരെ അമ്പരപ്പിച്ചാണ് കെസിഎ സെക്രട്ടറി ജയേഷ് ജോര്‍ജ് വിശദീകരണവുമായി രംഗത്തെത്തിയത്.

ദേശീയഗാനം ആലപിക്കാന്‍ മറന്നു പോയതാണെന്നും ഇത് തങ്ങളുടെ ഭാഗത്തുസംഭവിച്ച വീഴ്ചയാണെന്നും ജയേഷ് ജോര്‍ജ് പറഞ്ഞു. മഴമൂലം മത്സരം വൈകിയതിനാല്‍ മത്സരം എത്രയും വേഗം തുടങ്ങാനുള്ള തിടുക്കത്തിലായിരുന്നു മാച്ച് ഒഫീഷ്യല്‍സും സംഘാടകരും. ആ സമയത്ത് ഇക്കാര്യം ആരും ചൂണ്ടിക്കാട്ടിയിരുന്നില്ലെന്നും ജയേഷ് ജോര്‍ജ് പറഞ്ഞു. ഇത് തങ്ങളുടെ ഭാഗത്തു സംഭവിച്ച ഗുരുതര വീഴ്ചയാണെന്നും സംഭവത്തില്‍ രാജ്യത്തോട് മാപ്പുപറയുന്നുവെന്നും ജയേഷ് ജോര്‍ജ് വ്യക്തമാക്കി. ഇനി ഒരിക്കലും ഇതാവര്‍ത്തിക്കില്ലെന്നും ജയേഷ് ജോര്‍ജ് പറഞ്ഞതായി ഇംഗ്ലീഷ് മാധ്യമമായ ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തു.

കാര്യവട്ടത്ത് നടക്കുന്ന ആദ്യ രാജ്യാന്തര മത്സരം കാണാനായി ശ്രീശാന്ത് ഉള്‍പ്പെടെ മുന്‍ താരങ്ങളെ ക്ഷണിച്ചിരുന്നുവെന്നും എന്നാല്‍ ശ്രീശാന്ത് മത്സരം കാണാനെത്തിയില്ലെന്നും ജയേഷ് ജോര്‍ജ് പറഞ്ഞു. എന്നാല്‍ സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിന് ബിസിസഐ വിലക്കുള്ളതിനാല്‍ മത്സരം കാണാന്‍ സ്റ്റേഡിയത്തില്‍ നേരിട്ടെത്താന്‍ തനിക്ക് കഴിയില്ലെന്ന് ശ്രീശാന്ത് നേരത്തെ വ്യക്തമാക്കിയിരുന്നു.