തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ മഴയെ തോല്‍പിച്ച കളി കെസിഎയ്ക്ക് നല്‍കിയത് പ്രശസ്തിക്കൊപ്പം കൈ നിറയെ പണം കൂടിയാണ്. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ആദ്യ രാജ്യാന്തര മല്‍സരം മഴയില്‍ ഒലിച്ചു പോകുമെന്ന ആശങ്കകള്‍ക്ക് ആവേശം നിറച്ച ഇന്ത്യന്‍ ജയത്തോടെ പരിസമാപ്തിയായിരുന്നു. പതിനാറ് ഓവറായി ചുരുക്കിയ മല്‍സരത്തില്‍ ആകെ 96 പന്തുകളാണ് എറിഞ്ഞത്. എന്നാല്‍ ഈ മല്‍സരം കേരള ക്രിക്കറ്റ് അസോസിയേഷന് നല്‍കിയത് 5.38 കോടി രൂപയാണ്.
മല്‍സരത്തിന്റെ നടത്തിപ്പിനായുള്ള ബിസിസിഐയുടെ വിഹിതമായ ഒന്നര കോടി രൂപ കൂടി ചേര്‍ക്കുമ്പോള്‍ കെ സി എയ്ക്ക് ലഭിക്കുക 6.88 കോടി രൂപ. ഇതിന് മുമ്പ് കൊച്ചിയില്‍ നടന്ന രാജ്യാന്തര മല്‍സരങ്ങളില്‍ കെസിഎയ്ക്ക് ലഭിച്ചത് 2 കോടി രൂപ അടുത്താണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ടിക്കറ്റ് വില്‍പനയില്‍ നിന്ന മാത്രം 2.91 കോടി രൂപയാണ് ലഭിച്ചത്. സ്റ്റേഡിയത്തിലെ പരസ്യം, സ്റ്റേഡിയത്തിന് പുറത്തുള്ള പരസ്യം എന്നിവയ്ക്ക് ലഭിച്ചത് 2.20കോടി രൂപയാണ്. പാര്‍ട്നര്‍ഷിപ്പില്‍ നിന്ന് 27 ലക്ഷം രൂപയും കെസിഎയ്ക്ക് ലഭിച്ചു.
ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തെക്കുറിച്ചും കാണികളെ കുറിച്ചും മികച്ച അഭിപ്രായമാണ് മല്‍സരശേഷം കളിക്കാര്‍ രേഖപ്പെടുത്തിയത്. ഗ്രൗണ്ട് ജിവനക്കാരുടെ കഠിനാധ്വാനത്തെ പ്രത്യേകം നന്ദി പറഞ്ഞാണ് കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ മടങ്ങുന്നത്. മല്‍സരത്തിനായി ഏകദേശം രണ്ടര കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
