ഇവരുടെ വിശദീകരണം തൃപ്തികരമല്ലെന്നും ടീമിലെ സൗഹൃദ അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണെന്നും വിലയിരുത്തിയ കെസിഎ ഇവര്‍ക്ക് താക്കീത് നല്‍കുകയും ചെയ്തു. ഇതിന് ശേഷമാണ് ഇപ്പോള്‍ പരാതി ഉന്നയിച്ച താരങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത് 

തിരുവനന്തപുരം: കേരള രഞ്ജി ടീം നായകന്‍ സച്ചിന്‍ ബേബിക്കെതിരെ പരാതി നല്‍കിയ താരങ്ങള്‍ക്കെതിരെ നടപടി. അഞ്ച് താരങ്ങള്‍ക്ക് മൂന്ന് മത്സരങ്ങളില്‍ സസ്പെന്‍ഷനും എട്ട് താരങ്ങള്‍ക്ക് മൂന്ന് മത്സരങ്ങളിലെ മാച്ച് ഫീ പിഴ ഈടാക്കാനുമുള്ള നടപടിയാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സ്വീകരിച്ചിരിക്കുന്നത്.

സച്ചിന്‍ ബേബിക്കെതിരെ പരാതി നല്‍കിയ 13 താരങ്ങള്‍ക്കെതിരെയാണ് നടപടി. റെെഫി വിന്‍സെന്‍റ് ഗോമസ്, മുഹമ്മദ് അസഹ്റുദ്ദീന്‍, രോഹന്‍ പ്രേം, കെ.എം. ആസിഫ്, സന്ദീപ് വാര്യര്‍ എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍. സഞ്ജു സാംസണ്‍ അടക്കം എട്ട് താരങ്ങള്‍ മൂന്ന് മത്സരങ്ങളിലെ മാച്ച് ഫീ പിഴയായി അടയ്ക്കണം.

ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കാനാണ് നിര്‍ദേശം. കഴിഞ്ഞ മാസം കര്‍ണാടകയില്‍ നടന്ന ടൂര്‍ണമെന്‍റിനിടെയാണ് സച്ചിനെതിരെ ഭൂരിഭാഗം താരങ്ങള്‍ പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് അസോസിയേഷന്‍ കഴിഞ്ഞ മാസം 13ന് ഇവര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

വിശദീകരണം നല്‍കാന്‍ 30ന് ഹാജരാകാനായിരുന്നു അറിയിച്ചിരുന്നത്. ഇതനുസരിച്ച് താരങ്ങള്‍ എത്തി വിശദീകരണം നല്‍കുകയും ചെയ്തു. എന്നാല്‍, ഇവരുടെ വിശദീകരണം തൃപ്തികരമല്ലെന്നും ടീമിലെ സൗഹൃദ അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണെന്നും വിലയിരുത്തിയ കെസിഎ ഇവര്‍ക്ക് താക്കീത് നല്‍കുകയും ചെയ്തു.

ഇതിന് ശേഷമാണ് ഇപ്പോള്‍ പരാതി ഉന്നയിച്ച താരങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. നേരത്തെ, സച്ചിന്‍ ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും പെട്ടന്ന് ക്ഷോഭിക്കുന്നുവെന്നും താരങ്ങള്‍ പരാതി നല്‍കിയിരുന്നു. ക്യാപ്റ്റന്‍റെ ഇത്തരം പെരുമാറ്റങ്ങില്‍ ടീമിന്‍റെ പ്രകടനത്തെ ബാധിക്കുന്നുവെന്നും കെസിഎയ്ക്ക് നല്‍കിയ കത്തില്‍ താരങ്ങള്‍ പറഞ്ഞിരുന്നു.