സഞ്ജു സാംസണെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കെസിഎ നിയോഗിച്ച അച്ചടക്കസമിതി ഇന്ന് യോഗം ചേരാനിരിക്കെയാണ് യുവബാറ്റ്‌സ്മാനെതിരെ കടുത്ത നടപടിയുണ്ടാകില്ലെന്ന സൂചന ലഭിക്കുന്നത്. മോശം പെരുമാറ്റത്തില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള സഞ്ജുവിന്റെ വിശദീകരണം അച്ചടക്കസമിതി അംഗീകരിച്ചേക്കും. രഞ്ജി ട്രോഫി മത്സരത്തിനിടെ ബാറ്റ് തല്ലിത്തകര്‍ത്തത് ടീമിന് വേണ്ടി മികച്ച പ്രകടനം നടത്താന്‍ കഴിയാത്തതിലെ നിരാശ കാരണമെന്നാണ് സഞ്ജുവിന്റെ വിശദീകരണം. ഇതിന് മുന്‍പ് വിവാദങ്ങളിലൊന്നും ഉള്‍പ്പെടാത്ത തനിക്കും അച്ഛനുമെതിരെ കടുത്ത നടപടി ഉണ്ടാകരുതെന്നും സഞ്ജു കെസിഎയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അസോസിയേഷനോട് മാപ്പപേക്ഷിച്ചതായി സഞ്ജു ഏഷ്യാനെറ്റ് ന്യൂസിനോട് സ്ഥിരീകരിച്ചു. രണ്ടു ദിവസങ്ങളിലായി തെളിവെടുപ്പ് നടത്താനാണ് അച്ചടക്കസമിതി നേരത്തെ തീരുമാനിച്ചതെങ്കിലും സഞ്ജു ഖേദം പ്രകടിപ്പിച്ചതിനാല്‍ നടപടികള്‍ ഇന്ന് അവസാനിപ്പിച്ചേക്കും. സഞ്ജുവിനും അച്ഛനും  പുറമേ കേരള രഞ്ജി ടീം കോച്ച് ടിനു യോഹന്നാന്‍, നായകന്‍ രോഹന്‍ പ്രേം, മാനേജര്‍ യു മനോജ് എന്നിവരോടും സമിതിക്ക് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.