ദില്ലി: മലയാളി ഫുട്ബോള്‍ താരം സി കെ വിനീതിനെ കേന്ദ്ര കായികമന്ത്രാലയം കൈവിട്ടു. നിലവിലെ ചട്ടപ്രകാരം സി.കെ.വിനീതിന് ജോലിയില്‍ തുടരാന്‍ കഴിയില്ലെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ വ്യക്തമാക്കി.ജോലി തിരികെ ലഭിക്കണമെങ്കില്‍ ചട്ടം ഭേദഗതി ചെയ്യേണ്ടി വരുമെന്നും വിജയ് ഗോയല്‍ വ്യക്തമാക്കി.

അതേസമയം, സി കെ വിനീതിനെ കേന്ദ്രം കൈവിട്ടെങ്കിലും കേരളം കൈവിടില്ലെന്ന് മന്ത്രി എ.സി.മൊയ്തീന്‍ വ്യക്തമാക്കി. വിനീതിന് ജോലി നല്‍കാനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് മൊയ്തീന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അടുത്ത മന്ത്രിസഭാ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും മൊയ്തീന്‍ വ്യക്തമാക്കി.

മതിയായ ഹാജര്‍ ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണ് വിനിതീനെ തിരുവനന്തപുരത്തെ അക്കൗണ്ടന്‍റ് ജനറല്‍ ഓഫിസിലെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ ഓഡിറ്ററായിരുന്നു വിനീത്. നാലര വര്‍ഷം മുന്‍പാണ് വിനീത് ജോലിയില്‍ പ്രവേശിച്ചത്. ദേശീയ ടീമില്‍ ഇടം നേടുകയും ഐഎഎസ്എല്‍ ഫുട്ബോളില്‍ മികച്ച പ്രകടനം നടത്തുകയും ചെയ്ത വിനീതിന് കളിത്തിരക്ക് മൂലം ഓഫീസിലെത്താന്‍ കഴിഞ്ഞിരുന്നില്ല.