വിശാഖപട്ടണം: തകര്‍പ്പൻ ബാറ്റിങുമായി സ‌‌‌ഞ്ജു വി സാംസണ്‍(44 പന്തിൽ പുറത്താകാതെ 64) കളംനിറഞ്ഞപ്പോള്‍, മുഷ്താഖ് അലി ടി20 ക്രിക്കറ്റിൽ കേരളത്തിന് ആശ്വാസജയം. കേരളം ഒമ്പത് വിക്കറ്റിന് ഗോവയെ തകര്‍ത്തു. ഗോവ ഉയര്‍ത്തിയ 139 റണ്‍സിന്റെ വിജയലക്ഷ്യം ഒമ്പതു വിക്കറ്റും 25 പന്തും ബാക്കിനിൽക്കെ കേരളം മറികടക്കുകയായിരുന്നു.

സ്കോര്‍- ഗോവ 20 ഓവറിൽ എട്ടിന് 138 & കേരളം 15.5 ഓവറിൽ ഒന്നിന് 139

44 പന്തിൽ 64 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സഞ്ജുവിന്റെ ബാറ്റിങ്ങാണ് കേരളത്തിന് അനായാസ ജയം സമ്മാനിച്ചത്. നാലു വീതം ബൗണ്ടറികളും സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു സഞ‌്ജുവിന്റെ ഇന്നിംഗ്സ്. വെടിക്കെട്ട് ബാറ്റിങ് കെട്ടഴിച്ച വിഷ്‌ണുവിനോദുമായി(19 പന്തിൽ 34) ഒന്നാം വിക്കറ്റിൽ 45 റണ്‍സിന്റെയും അരുണ്‍ കാര്‍ത്തിക്കുമായി(പുറത്താകാതെ 37) രണ്ടാം വിക്കറ്റിൽ 94 റണ്‍സിന്റെയും കൂട്ടുകെട്ടുണ്ടാക്കാൻ സഞ്ജുവിന് കഴിഞ്ഞു.

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഗോവ നിശ്ചിത 20 ഓവറിൽ എട്ടിന് 138 റണ്‍സെടുക്കുകയായിരുന്നു. 38 റണ്‍സെടുത്ത കീനൻ വാസാണ് ഗോവയുടെ ടോപ് സ്കോറര്‍. കേരളത്തിനുവേണ്ടി ആസിഫ്, അഭിഷേക് മോഹൻ എന്നിവര്‍ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.

ദക്ഷിണമേഖലാ ഗ്രൂപ്പിൽ ആദ്യ മൂന്നു മൽസരങ്ങളും കേരളം തോറ്റിരുന്നു. ഹൈദരാബാദ്, ആന്ധ്ര, തമിഴ്‌നാട് എന്നീ ടീമുകളോടാണ് കേരളം തോൽവി വഴങ്ങിയത്. ഗ്രൂപ്പിലെ അവസാന മൽസരത്തിൽ കേരളം ‌ഞായറാഴ്‌ച കരുത്തരായ കര്‍ണാടകയെ നേരിടും.